തടി കടത്തിയ റെയിഞ്ച് ഓഫീസർക്കും ഡെപ്യൂട്ടി ഓഫീസർക്കും സസ്‌പെൻഷൻ

Monday 26 January 2026 12:00 AM IST

തിരുവനന്തപുരം : വനം പുനരുജ്ജീവനത്തിനായി മുറിച്ചുമാറ്റിയ തടികൾ വെള്ളൂർ ന്യൂസ് പ്രിന്റിൽ എത്തിക്കുന്നതിനു പകരം തമിഴ്നാട്ടിൽ വിറ്റ സംഭവത്തിൽ പത്തനാപുരം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.കെ മനോജിനും അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.എ ഷാജിക്കും സസ്പെൻഷൻ.

കരാറുകാരനുമായി ചേർന്ന് തിരിമറി നടത്തിയതിന്

വനം മേധാവിയാണ് നടപടി സ്വീകരിച്ചത്.

പുനലൂർ വനം ഡിവിഷനിലെ അമ്പനാർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നാണ് അക്കേഷ്യ, മാഞ്ചിയം, വട്ട എന്നിങ്ങനെയുള്ള ലക്ഷങ്ങൾ വിലവരുന്ന തടികൾ കടത്തിയത്.

തമിഴ്നാട്ടിലേക്ക് കടത്തുന്നതിന് പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷനുള്ള തടിവ്യാപാരികളുടെ ഫോം 4 പാസുകളാണ് ഉപയോഗിച്ചത്. തടികൾ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പരിശോധിച്ചു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.എഫ്.ഒ മാരാണ് ഫോം 4 പാസ് അനുവദിക്കുന്നത്.

മിക്ക റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരും യാർഡിൽ തടികൾ സ്റ്റോക്ക് ചെയ്തിട്ടില്ലെങ്കിലും ഉണ്ടെന്ന് റിപ്പോർട്ട് നൽകിയാണ് പാസിന് ശുപാർശ ചെയ്യുന്നത്. തടികൾ അനധികൃതമായി കടത്തുന്നതിന് ഈ പാസ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട് . ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്ന് നടത്തിയ മോഷണം രഹസ്യമാക്കിവച്ച് ഒതുക്കി തീർക്കാനാണ് വനം വിജിലൻസ് ശ്രമിച്ചത്. അന്തർ സംസ്ഥാന ബന്ധമുള്ള കേസ് ആയിരുന്നിട്ടും പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിനുള്ള ഒത്താശ ഉദ്യോഗസ്ഥർ ചെയ്തു നൽകിയതായി ആരോപണമുണ്ട്.