കേരള ബാങ്കിന് പുതിയ ബോർഡ് ഒഫ് മാനേജ്മെന്റ്
തിരുവനന്തപുരം: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങൾക്കും കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ബൈലോയ്ക്കും വിധേയമായി ബാങ്കിൽ പുതിയ ബോർഡ് ഒഫ് മാനേജ്മെന്റ് രൂപീകരിച്ചു.
റിസർവ് ബാങ്ക് മുൻ ഉദ്യോഗസ്ഥനായ വി. രവീന്ദ്രൻ ചെയർമാനായുള്ള ബോർഡിൽ ഭരണസമിതിയിൽ നിന്ന് പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ടി.വി. രാജേഷ്, പി. ഗഗാറിൻ, അധിൻ എ, അഡ്വ. ജോസ് ടോം, അഡ്വ. ശ്രീജ ഷൈജുദേവ് എന്നിവരും വിവിധ മേഖലകളിലെ വിദഗ്ദ്ധരായ ഡോ. ജിജു പി. അലക്സ്, ബി.പി. പിള്ള, അഡ്വ. വി.കെ. പ്രസാദ്, കെ.സി. സഹദേവൻ, ബൈജു എൻ. കുറുപ്പ് എന്നിവരും ഉൾപ്പെടുന്നു. ബാങ്കിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ (എക്സ് ഒഫിഷ്യോ) അംഗമാണ്.
ബാങ്കിന്റെ സുപ്രധാന പ്രവർത്തന മേഖലകളായ ക്രെഡിറ്റ്, ഓഡിറ്റ്, റിസ്ക് മാനേജ്മെന്റ് എന്നിവയിൽ ചർച്ചകൾ നടത്തി ആവശ്യമായ മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളും ഭരണസമിതിക്ക് സമർപ്പിക്കുകയാണ് ബോർഡ് ഒഫ് മാനേജ്മെന്റിന്റെ പ്രധാന ചുമതല.