ഹൈസ്കൂളുകളിൽ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ഫെബ്രുവരി മുതൽ വിതരണം ചെയ്യും
തിരുവനന്തപുരം: റോബോട്ടിക്സ് പഠനം ഉഷാറാക്കാൻ കൈറ്റിലൂടെ എല്ലാ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ഫെബ്രുവരി മുതൽ വിതരണം ചെയ്യും. പത്താം ക്ലാസിലെ പാഠ്യപദ്ധതിയിൽ റോബോട്ടിക്‌സ് പഠനം ഉൾപ്പെടുത്തിയതോടെയാണിത്. ഇന്റർനെറ്റ് ഒഫ് തിങ്ക്‌സ് (ഐ.ഒ.ടി) ഉപകരണങ്ങൾ നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകും. നിലവിൽ 2,500 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഐ.ഒ.ടി അടിസ്ഥാനമാക്കിയുള്ള പഠനം ഇതോടെ കൂടുതൽ സജീവമാക്കാനാണ് നീക്കം.
അതേസമയം,കിറ്റുകൾ ഉപയോഗിക്കുന്നതിലൂടെ കേവലം പാഠപുസ്തക അറിവുകൾക്കപ്പുറം പ്രായോഗികമായ പ്രോജക്ടുകൾ ചെയ്യാൻ കുട്ടികളെ ഇത് പ്രാപ്തരാക്കും. ബ്ലോക്ക് കോഡിംഗ്,പൈത്തൺ,സി തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളിൽ നൈപുണ്യം നേടാനും ഈ കിറ്റുകൾ അവസരമൊരുക്കുന്നുണ്ട്.
നൂതന സാങ്കേതികവിദ്യ
നൂതനമായ സാങ്കേതികവിദ്യ കൂടുതലായി അഡ്വാൻസ്ഡ് കിറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐ.ഒ.ടി സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് വൈഫൈ,ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി-3 ഡെവലപ്‌മെന്റ് ബോർഡാണ് ഇതിന്റെ പ്രധാന ഭാഗം.
അൾട്രാസോണിക് ഡിസ്റ്റൻസ്,സോയിൽ മോയിസ്ചർ (മണ്ണിലെ ഈർപ്പം അളക്കുന്നത്),പി.ഐ.ആർ മോഷൻ,ലൈൻ ട്രാക്കിംഗ് തുടങ്ങി വിവിധതരം സെൻസറുകളുമുണ്ട്.
ഹാർഡ്‌വെയർ: റോബോട്ടിക് വാഹനങ്ങൾ നിർമ്മിക്കാൻ ഫോർ-ഡബ്ലിയു.ഡി സ്മാർട്ട് കാർ ഷാസി കിറ്റ്,സബ്‌മെഴ്‌സിബിൾ മിനി വാട്ടർ പമ്പ്,റീച്ചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി പാക്ക് എന്നിവയും കിറ്റിലുണ്ട്.