ശബരിമലയിലെ സ്പോൺസർഷിപ്പ് കൊള്ള ദേവസ്വം വിജിലൻസ് പണ്ടേ കണ്ടെത്തി
ശബരിമല: സന്നിധാനത്തെ സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കിയത് 2013ലുള്ള ദേവസ്വം വിജിലൻസിന്റെ സുപ്രാധന കണ്ടെത്തൽ അവഗണിച്ചത് മൂലം. സ്പോൺസർഷിപ്പിന്റെ മറവിൽ ശബരിമലയിൽ കൊള്ള നടക്കുന്നെന്നായിരുന്നു കണ്ടെത്തൽ. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എസ്.പി സി.പി.ഗോപകുമാറാണ് അന്വേഷണം നടത്തിയത്.
2011 ഡിസംബറിൽ അന്നത്തെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എം.സതീഷ് കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.രാജൻ എന്നിവരുടെ നിർദ്ദേശപ്രകാരം സ്വർണക്കൊടിമരത്തിന്റെ ചുവട്ടിലെ പഞ്ചവർഗത്തറയിലും പീഠത്തിലും അഷ്ടദിക് പാലക പ്രതിഷ്ഠകളിലും സ്വർണനിറത്തിലുള്ള പെയിന്റടിച്ചിരുന്നു. 2012 ഏപ്രിൽ നാലിന് ഇരുവരും ചേർന്ന് സന്നിധാനത്തുവച്ച് ഒറ്റത്താമ്പൂല പ്രശ്നവും നടത്തി. തന്ത്രിയുടെയോ ദേവസ്വം ബോർഡിന്റെയോ ദേവസ്വം കമ്മിഷണറുടെയോ അനുമതിയില്ലാതെയായിരുന്നു ഇത്. ശബരിമല സന്ദർശിച്ച തിരുവിതാംകൂർ- കൊച്ചിൻ ദേവസ്വം ബോർഡുകളുടെ ഓംബുഡ്സ്മാൻ ഇക്കാര്യം കോടതിയെ അറിയിച്ചു. തുടർന്നായിരുന്നു വിജിലൻസ് അന്വേഷണം.
കൊടിമരത്തിൽ ചായം പൂശിയത് ചൈതന്യ ലോപത്തിനും ദൈവാനുഗ്രഹ കുറവിനും കാരണമായെന്ന് അന്നത്തെ തന്ത്രി കണ്ഠരര് മഹേശ്വരര് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്കും കണ്ഠരര് രാജീവര് എക്സിക്യൂട്ടീവ് ഓഫീസർക്കും റിപ്പോർട്ട് നൽകി. ഗുരുതര വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് ഓഫീസറെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും സസ്‌പെന്റു ചെയ്യാനും വകുപ്പുതല നടപടി സ്വീകരിക്കാനും വിജിലൻസ് റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. ലെയ്സൺ ഓഫീസറായ പി.ബാലനെ തത്സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും പറഞ്ഞിരുന്നു. പക്ഷേ നടപടി ഉണ്ടായില്ല. സ്പോൺസർഷിപ്പ് തുടരുകയും ചെയ്തു.
സ്പോൺസർ തുക വീതംവച്ച്
നടന്നത് വൻ തട്ടിപ്പ്
ദേവസ്വത്തിൽ ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥർ ശബരിമലയിൽ എത്തുന്ന ഭക്തരെക്കൊണ്ട് ദേവസ്വത്തിന്റെ ജോലികൾ സ്‌പോൺസർഷിപ്പിൽ ചെയ്യിപ്പിക്കാറുണ്ട്. ഇതിന്റെപേരിൽ സ്‌പോൺസർമാർ അന്യസംസ്ഥാനങ്ങളിൽ നിന്ന് കോടിക്കണക്കിന് പണം പിരിച്ചെടുക്കും. അതിൽനിന്നുള്ള ചെറിയ അംശം മാത്രമാണ് ശബരിമലയിൽ ചെലവഴിക്കുന്നതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ബാക്കിത്തുക സ്‌പോൺസർമാരും ദേവസ്വം ഉദ്യോഗസ്ഥരും വീതിച്ചെടുക്കും. ഇതിന് പ്രത്യുപകാരമായി ഉദ്യോഗസ്ഥർ സ്‌പോൺസർമാർക്ക് ശബരിമലയിൽ അനർഹമായ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുന്നുണ്ട്. ദേവസ്വം ബോർഡിന്റെ രേഖാമൂലമുള്ള ഉത്തരവില്ലാതെ യാതൊരുവിധ സ്‌പോൺസർഷിപ്പും സ്വീകരിക്കരുതെന്ന് ശബരിമല ദേവസ്വത്തിലെ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകാവുന്നതാണെന്നും അന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.