റാന്നിയിൽ വൻ കഞ്ചാവ് വേട്ട: ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

Monday 26 January 2026 12:18 AM IST

റാന്നി: കാറിൽ കടത്തിയ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് യുവാക്കളെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, ഷാജി, സഞ്ജു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഒരു കിലോ 900 ഗ്രാം സാധാരണ കഞ്ചാവും 120 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.

റാന്നി പെരുമ്പുഴയിൽ വച്ച് അതിസാഹസികമായാണ് പൊലീസ് പ്രതികളെ കീഴ്പ്പെടുത്തിയത്. എറണാകുളത്ത് നിന്ന് പത്തനംതിട്ടയിലേക്ക് കാറിൽ ലഹരിമരുന്ന് എത്തുന്നുണ്ടെന്ന് പത്തനംതിട്ട ഡാൻസാഫ് ടീമിനും റാന്നി പൊലീസിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

പൊലീസ് കാർ തടയാൻ ശ്രമിച്ചപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാർ കസ്റ്റഡിയിലെടുത്തു.

സഞ്ജു അടുത്തിടെ ആർ.എസ്.എസ് വിട്ട് ഡി.വൈ.എഫ്.ഐയിൽ ചേർന്നയാളാണ്. ഇന്നലെ നടന്ന ഡി.വൈ.എഫ്.ഐ ബ്ളോക്ക് സമ്മേളന പ്രതിനിധിയായിരുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ സഞ്ജുവിന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ പൊലീസാണ് അറ്റൻഡ് ചെയ്തത്. സംഭവവുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.

എത്തിച്ചത് എറണാകുളത്ത് നിന്ന്

 കടത്തിയത് കാറിൽ

 പിന്തുടർന്ന് പിടികൂടി

 കൂടുതൽ പേ‌ർ ഉൾപ്പെട്ടതായി സൂചന

 പൊലീസ് അന്വേഷണം ഊർജിതം

 അന്വേഷണം മൊത്തവ്യാപാപരികളിലേയ്ക്കും

പിടിച്ചെടുത്തത്

കഞ്ചാവ്-1.900 കിലോഗ്രാം

ഹൈബ്രിഡ് കഞ്ചാവ്-120 ഗ്രാം

കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

റാന്നി പൊലീസ് അധികൃതർ