ചെറുകോൽ,​ നാരങ്ങാനം പഞ്ചായത്തുകളിൽ: തുള്ളിപോലുമില്ല കുടിക്കാൻ

Sunday 25 January 2026 11:22 PM IST

ചെറുകോൽ: വേനൽച്ചൂടിന്റെ ആരംഭത്തിലേ ചെറുകോൽ-നാരങ്ങാനം കുടിവെള്ള പദ്ധതി പാളിയതോടെ പ്രദേശവാസികളുടെ കുടിവെള്ളം മുട്ടി. ഇരു പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കാൻ പമ്പാനദിയിൽ പുതമണിൽ നിന്ന് ജലം പമ്പ് ചെയ്ത് അന്ത്യാളൻകാവിലെ ടാങ്കിലെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് നാട്ടുകാരുടെ വെള്ളംകുടി മുട്ടിച്ചത്.

നിലവിൽ 15 വർഷം മുമ്പ് നിർമ്മിച്ച മൂന്ന് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് മാത്രമാണുള്ളത്. 1500 കണക്ഷനുകളിൽ നിന്ന് 4500ൽ അധികമായി ഉയർന്നിട്ടും ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. കേന്ദ്ര പദ്ധതിയായ ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനാൽ നിലവിലെ കുടിവെള്ള വിതരണം രണ്ട് വർഷമായി പലയിടത്തും മുടങ്ങി.

പൈപ്പ് ലൈനുകൾ സ്ഥാപിച്ച് നിലവിലെ കുടിവെള്ള പദ്ധതിയുമായി ബന്ധിപ്പിച്ച് ജലവിതരണം പുനഃസ്ഥാപിച്ചെങ്കിലും പൈപ്പുകൾ പലയിടത്തും തുടരെ പൊട്ടുകയാണ്. വീടുകളിലേക്കുള്ള കണക്ഷനും നൽകാനായിട്ടില്ല. ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വാൽവുകൾ തുറക്കുമ്പോൾ സമ്മർദ്ദം താങ്ങാനാകാതെ പഴയ പൈപ്പുകൾ പൊട്ടുന്നത് തുടരുകയാണ്. ചെറുകോൽ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കൊന്നയ്ക്കമല കോളനിയിൽ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുവർഷമായി. തൂളികുളം, കാട്ടൂർപേട്ട, കൊന്നയ്ക്കൽമല, തറഭാഗം, കൊറ്റനല്ലൂർ, മടുക്കകുന്ന്, വയലത്തല, പുതമൺ പ്രദേശങ്ങളിലും നാരങ്ങാനം പഞ്ചായത്തിലെ കണമുക്ക്, അഞ്ചുതോട്, മഹാണിമല, കടമ്മനിട്ട എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലും ജലം എത്തുന്നില്ല.

ജീവനറ്റ് ജൽ ജീവനും

 ലക്ഷ്യം ചെറുകോൽ,​ നാരങ്ങാനം പഞ്ചായത്തുകൾ,​ റാന്നി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ ജലം എത്തിക്കുക

 വയലത്തലയിൽ ജലശുദ്ധീകരണ പ്ലാന്റിന് 50 സെന്റ് വാങ്ങി

 മഞ്ഞപ്രമല, തോന്ന്യാമല, അന്ത്യാളൻകാവ്, കണമുക്ക് എന്നിവിടങ്ങളിൽ ടാങ്കുകൾ നിർമ്മിച്ച് ശുദ്ധജല വിതരണം

 2024 മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും നിർമ്മാണം എങ്ങുമെത്തിയില്ല

 പൈപ്പുകൾ സ്ഥാപിക്കുക മാത്രമാണ് ചെയ്തത്

 തോന്ന്യാമലയിൽ പുതിയ ടാങ്ക് നിർമ്മിച്ചെങ്കിലും വെള്ളമെത്തിയില്ല

പദ്ധതി ചെലവ്

₹ 90 കോടി

ഗുണഭോക്താക്കൾ

8000 കുടുംബങ്ങൾ

പൈപ്പ് വിതരണ ദൈർഘ്യം

190 കിലോ മീറ്റർ

നിർമ്മാണ ജോലികളുടെ ടെണ്ടർ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. തുക പൂർണമായി നൽകാത്തതും ഫണ്ടില്ലാത്തതും ജോലികൾ സ്തംഭിപ്പിച്ചു.

വാട്ടർ അതോറിറ്റി അധികൃതർ

ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൈപ്പ് പൊട്ടൽ ഉടൻ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി.

അജീന നജീബ്,​ പ്രസിഡന്റ്

ചെറുകോൽ ഗ്രാമപഞ്ചായത്ത്

വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ പഞ്ചായത്ത് കമ്മിറ്റിയിൽ വിളിച്ചുവരുത്തി പ്രശ്നപരിഹാരത്തിന് നിർദേശം നൽകിയിട്ടുണ്ട്.

വി.ബി.പ്രസാദ്,​ പ്രസിഡന്റ്

നാരങ്ങാനം ഗ്രാമപഞ്ചായത്ത്