കലാമണ്ഡലത്തിൽ ക്രിയേറ്റീവ് ഇൻകുബേറ്റർ സ്ഥാപിക്കാൻ കേരള സ്റ്രാർട്ടപ്പ് മിഷൻ

Monday 26 January 2026 12:00 AM IST

തിരുവനന്തപുരം: സാംസ്‌കാരിക മേഖലയിലെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ് .യു.എം ) കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടു. ചെറുതുരുത്തിയിലെ കലാമണ്ഡലം കാമ്പസിൽ കെ.എസ് .യു.എം ക്രിയേറ്റീവ് ഇൻകുബേറ്റർ സ്ഥാപിക്കും.

സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവുവിന്റെ സാന്നിദ്ധ്യത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബികയും കേരള കലാമണ്ഡലം വൈസ് ചാൻസലർ ബി. അനന്തകൃഷ്ണനും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

കേരള സ്റ്റാർട്ടപ്പ് മിഷനും കേരള കലാമണ്ഡലവും സംയുക്തമായാണ് ക്രിയേറ്റീവ് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുക. കലാരംഗത്തെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുക, വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവ പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുക തുടങ്ങിയവ ഇതിലൂടെ ലക്ഷ്യമിടുന്നു.പരിശീലന പരിപാടികൾ, മെന്റർഷിപ്പ്, കലാ സാങ്കേതിക പ്രദർശനങ്ങൾ തുടങ്ങിയവയ്ക്ക് ഈ പങ്കാളിത്തം വഴിതുറക്കും.

സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. സന്തോഷ് ബാബു, കലാമണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ് കുമാർ.പി, സ്റ്റാർട്ടപ്പ് മിഷൻ മാനേജർ സൂര്യ തങ്കം എന്നിവരും പങ്കെടുത്തു.