അതിവേഗ റെയിലും ചെങ്ങന്നൂർ-പമ്പ പാതയും: ജില്ലയും അതിവേഗ ചൂളക്കുതിപ്പിലേക്ക്
പത്തനംതിട്ട: ജില്ലയുടെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റം വരാൻ ഇടയുള്ള രണ്ട് റെയിൽ പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയത്. സിൽവർ ലൈൻ പദ്ധതിക്ക് ബദലായി പ്രഖ്യാപിക്കാൻ പോകുന്ന അതിവേഗ റെയിൽപാതയ്ക്ക് അടൂരിലും ജില്ലയുടെ അതിർത്തി നഗരമായ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലും സ്റ്റാേപ്പ് കണക്കാക്കുന്നു.
അതിവേഗ റെയിൽപാത നിർദേശം വരുന്നതിന് മുമ്പേ പഠനം നടന്ന ചെങ്ങന്നൂർ - പമ്പ പദ്ധതിയോടും കേന്ദ്രസർക്കാർ അനുകൂല നിലപാടിലാണ്. ശബരിമല തീർത്ഥാടകർക്കും ജില്ലയിലെ മറ്റു യാത്രക്കാർക്കും ഇരുപദ്ധതികളും പ്രയോജനം ചെയ്യും. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർക്ക് അതിവേഗ റെയിൽപാത വഴി അടൂരിലെത്തി പമ്പയിലേക്ക് യാത്ര തുടരാം. ഇത് ജില്ലയിലെ യാത്രക്കാർക്ക് തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കൂടതൽ സൗകര്യമാകും.
ചെങ്ങന്നൂർ-പമ്പ പദ്ധതി യാഥാർത്ഥ്യമായാൽ നിലവിൽ ട്രെയിൻ മാർഗം ചെങ്ങന്നൂരിലിറങ്ങുന്ന തീർത്ഥാടകർക്കും മറ്റ് യാത്രക്കാർക്കും പമ്പ വരെ യാത്ര തുടരാം. ഇരുപദ്ധതികൾക്കും കൂടുതലായി സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് സൂചന. അതിനാൽ, പദ്ധതികളോട് എതിർപ്പുകളുയരാനും സാദ്ധ്യതയില്ല.
രാഷ്ട്രീയ പാർട്ടികളും ഇരുപദ്ധതികളെയും സ്വാഗതം ചെയ്യുന്നുണ്ട്. അതിവേഗ പാത കൂടുതലായും എലിവേറ്റഡായും തുരങ്കപാതയുമായിട്ടാണ് നിർമ്മിക്കുന്നത്. ചെങ്ങന്നൂർ - പമ്പ പാത പടിഞ്ഞാറൻ മേഖലയിൽ പമ്പാനദിക്ക് സമാന്തരമായി ആകാശപ്പാതയായും മലയോര മേഖലയിൽ സ്ഥലം ഏറ്റെടുത്തും നിർമ്മിക്കണമെന്നാണ് നിർദേശം.
സമയ നഷ്ടം കുറയ്ക്കും
പടിഞ്ഞാറൻ മേഖലയിൽ ആകാശപ്പാത
കിഴക്കൻ മേഖലയിൽ ഭൂമിയേറ്റെടുക്കും
മലയോരത്ത് തുരങ്കപാതയും പരിഗണനയിൽ
തിരുവനന്തപുരം - കണ്ണൂർ അതിവേഗ പാതയ്ക്ക് അടൂരിലും ചെങ്ങന്നൂരിലും സ്റ്റോപ്പ്
വിമാന യാത്രക്കാർക്കും പ്രയോജനം
ചെങ്ങന്നൂർ - പമ്പ പാത അയ്യപ്പഭക്തർക്ക് ഗുണകരം
ചെങ്ങന്നൂർ-പമ്പ റെയിൽപ്പാത
നീളം- 75 കിലോമീറ്റർ
യാത്രാസമയം-50 മിനിട്ട്
സ്റ്റേഷനുകൾ
1. ആറന്മുള
2. കോഴഞ്ചേരി
3. ചെറുകോൽ
4. അട്ടത്തോട്
5. പമ്പ
കടന്നുപോകുന്നത്
ചെങ്ങന്നൂർ നഗരസഭ
16 പഞ്ചായത്തുകൾ