നെഞ്ചു തകർത്ത് ഉച്ചഭാഷിണി ഒച്ച
അമിത ശബ്ദം രോഗികൾക്ക് ഭീഷണി
കൊല്ലം: കേന്ദ്ര സർക്കാരിന്റെ ശബ്ദ മലിനീകരണ നിയന്ത്രണ നിയമവും ശബ്ദമലിനീകരണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവും കാറ്റിൽപ്പറത്തി ആഘോഷങ്ങൾക്കും പൊതുപരിപാടികൾക്കും ഉച്ചഭാഷിണികൾ ഉപയോഗിച്ച് അമിത ശബ്ദം പുറപ്പെടുവിക്കുന്നത് വ്യാപകമാകുന്നു. പ്രായമേറിയവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും ശാരീരിക മാനസിക പ്രശ്നമുണ്ടാക്കും വിധമാണ് ഉച്ചഭാഷിണികളുടെ ഒച്ച!
രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് സംഘടനകളുടെയും വൈകിട്ട് നടക്കുന്ന പരിപാടികൾക്ക് രാവിലെ മുതൽ തന്നെ കാതടിപ്പിക്കുന്ന ശബ്ദത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നത് പതിവാണ്. സമാനമായ തരത്തിൽ നെഞ്ച് പിളർക്കുന്ന ശബ്ദത്തിലാണ് വാഹനങ്ങളിലുള്ള അനൗൺസ്‌മെന്റ്. ആഘോഷ പരിപാടികൾക്കും മത്സരിച്ചാണ് ഉച്ചഭാഷിണി അമിത ശബ്ദത്തിൽ പ്രവർത്തിപ്പിക്കുന്നത്. ഹൃദയത്തിനും കാതിനും ആരോഗ്യ പ്രശ്നങ്ങളുള്ളവർ താങ്ങാനാകാത്ത ശബ്ദം കാരണം ആഘോഷവേളകളിൽ പ്രദേശത്തു നിന്ന് വിട്ടു നിൽക്കേണ്ട അവസ്ഥയുണ്ട്.
മൈക്ക് പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ നൂറു മീറ്റർ ദൂരപരിധിക്കുള്ളിൽ 40 ഡെസിബിൽ ശബ്ദം മാത്രം പുറപ്പെടുവിക്കുന്ന രണ്ട് ബോക്സുകൾ ഉപയോഗിക്കാനാണ് ആഘോഷ പരിപാടികൾക്ക് പൊലീസ് അനുമതി നൽകുന്നത്. എന്നാൽ 200 മുതൽ 400 വാട്സ് വരെയുള്ള ഇരുപത് ബോക്സുകളാണ് ആഘോഷവേളകളിൽ ഒരു സ്ഥലത്ത് മാത്രം വയ്ക്കുന്നത്. ഇതിന്റെ തുടർച്ചയായി ഒന്നും രണ്ടും കിലോ മീറ്റർ വരെ ദൂരത്തിലാണ് ആഘോഷങ്ങൾക്ക് ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നത്. രാത്രി പത്തിന് ശേഷം ഇവ പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന നിയമവും വ്യാപകമായി ലംഘിക്കപ്പെടുന്നു.
നിരോധിത കോളാമ്പി
കാതുകളിൽ തുളച്ചുകയരുന്ന, അമിത ശബ്ദം പുറപ്പെടുവിക്കുന്ന കോളാമ്പികൾ കേരളത്തിൽ ഹൈക്കോടതി നിരോധിച്ചിരുന്നു. എന്നാൽ ആഘോഷങ്ങൾക്ക് കോളാമ്പികൾ ഒളിപ്പിച്ച ഔട്ട് ബോക്സുകളാണ് പോസ്റ്റുകളിൽ
കെട്ടുന്നത്.
പരീക്ഷക്കാലമാണ്
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് രണ്ടിന് ആരംഭിക്കും. അതിന് മുൻപ് ഫെബ്രുവരി രണ്ടാം വാരത്തിൽ മോഡൽ പരീക്ഷയുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ ഫെബ്രുവരി അവസാനവാരം ആരംഭിക്കും. ഈ പരീക്ഷകൾക്കുള്ള അതിതീവ്രമായ തയ്യാറെടുപ്പിലാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ. അമിതമായ ശബ്ദം ഇവരുടെ പഠനത്തെ ബാധിക്കും.
അമിത ശബ്ദം ഇഷ്ടപ്പെടുന്നവരെപ്പോലെ തന്നെ ഇഷ്ടമല്ലാത്തവരും താങ്ങാൻ കഴിയാത്തവരുമുണ്ട്. ഇത്തരം പ്രശ്നങ്ങളുള്ളവർക്ക് ഉയർന്ന ശബ്ദം മണിക്കൂറുകളോളം തുടർച്ചയായി കേൾക്കേണ്ടി വരുന്നത്. മാനസിക ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിക്കും
ഡോ. അജിത്ത് രാജൻ (ദേശീയ ബധിരത നിയന്ത്രണ പദ്ധതി, ജില്ലാ നോഡൽ ഓഫീസർ)
പ്രദേശത്തിന്റെ സ്വഭാവം, ഉപയോഗിക്കാവുന്ന ശബ്ദത്തിന്റെ അളവ് ഡെസിബെലിൽ പകൽ, രാത്രി
വ്യവസായ മേഖല- 75, 70
വാണിജ്യ മേഖല- 65, 55
ഗർഹികൾ മേഖല- 55, 45