വീണ്ടും നിരത്ത് കൈയടക്കാൻ അശോക് ലേയ്‌ലാൻഡ് ടോറസ്, ഹിപ്പോ ഹെവിഡ്യൂട്ടി ട്രക്കുകൾ
കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ ഇന്ത്യൻ പതാകവാഹക കമ്പനിയും രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളുമായ അശോക് ലേയ്‌ലാൻഡിന്റെ ഏറ്റവും പ്രശസ്തമായ രണ്ട് ട്രക്ക് മോഡലുകളായ ടോറസ്, ഹിപ്പോ എന്നിവ വീണ്ടും വിപണിയിൽ അവതരിപ്പിച്ചു. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പരിഷ്‌കരിച്ച ടോറസ് ഉയർന്ന കുതിരശക്തിയുള്ള ടിപ്പർ വിഭാഗത്തെയും ഹിപ്പോ ട്രെയിലർ ട്രാക്ടർ വിഭാഗത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. കരുത്തിനും വിശ്വാസ്യതയ്ക്കും പേരുകേട്ട ഇരുമോഡലുകളും ഇന്ത്യയുടെ വളരുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടുത്ത തലമുറ സാങ്കേതികവിദ്യയോടെയാണ് തിരിച്ചെത്തുന്നത്.
അശോക് ലേയ്‌ലാൻഡ് മീഡിയം ആൻഡ് ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ പ്രസിഡന്റ് സഞ്ജീവ് കുമാർ, നാഷണൽ സെയിൽസ് ഹെഡ് മാധവി ദേശ്‌മുഖ്, പ്രമുഖ ഉപഭോക്താക്കളുടെയും ഡീലർമാരുടെയും മാധ്യമപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ അശോക് ലേയ്‌ലാൻഡ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഷേനു അഗർവാൾ വാഹനങ്ങൾ പുറത്തിറക്കി.
ഉയർന്ന ഉത്പ്പാദനക്ഷമത, മികച്ച ഇന്ധനക്ഷമത, ഡ്രൈവർക്ക് കൂടുതൽ സുഖസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്ന പുതിയ ടോറസ്, ഹിപ്പോ ശ്രേണികൾ വാഹനശൃംഖല ഓപ്പറേറ്റർമാർക്ക് കൂടുതൽ ലാഭം നൽകുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. അശോക് ലേയ്‌ലാൻഡിന്റെ നൂതനമായ എവിടിആർ മോഡുലാർ ട്രക്ക് പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഈ വാഹനങ്ങൾ ഇന്ത്യയിലുടനീളമുള്ള അശോക് ലേയ്‌ലാൻഡ് ഡീലർഷിപ്പുകൾ വഴി ബുക്ക് ചെയ്യാനാവും.
ചെരിക്കാൻ കഴിയുന്ന ക്യാബിനുകൾ
8.0 ലിറ്റർ എസീരീസ്, 6സിലിണ്ടർ എൻജിൻ 360 എച്ച്.പി കരുത്ത് നൽകുന്നു, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച 1600 എൻ.എം ടോർക്ക്, 430 മി.മീ വ്യാസമുള്ള ക്ലച്ച്, ഹെവിഡ്യൂട്ടി 9 എസ് 15409 സിൻക്രോമെഷ് ഗിയർബോക്‌സ്, കരുത്തുറ്റ 9 മി.മീ കനമുള്ള ഫ്രെയിം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടോമാറ്റിക് ട്രാക്ഷൻ കൺട്രോൾ, ചരിക്കാൻ സാധിക്കുന്ന ടോറസ് ഡേ ക്യാബിൻ എന്നിവയാണ് ടോറസ് ടിപ്പർ ശ്രേണിയുടെ സവിശേഷതകൾ.
എസീരീസ്, 6സിലിണ്ടർ 8.0 ലിറ്റർ എൻജിൻ, 360 എച്ച്.പി കരുത്താണ് ഹിപ്പോ ട്രെയിലർ ശ്രേണിക്കും. മികച്ച യാത്രാസുഖത്തിനും സുരക്ഷയ്ക്കുമായി ചരിക്കാൻ സാധിക്കുന്ന ഹിപ്പോ സ്ലീപ്പർ ക്യാബിൻ, 8 മി.മീ കനമുള്ള ഹെവിഡ്യൂട്ടി ഫ്രെയിം എന്നിവയുണ്ട്. ടയർ പ്രഷർ മോണിറ്ററിംഗ്, റിവേഴ്‌സ് ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റംസ് എന്നിവ ഓപ്ഷണലായി ലഭിക്കും.