പുതിയ മോഡൽ ട്രക്കുകൾ അവതരിപ്പിച്ച് ടാറ്റാമോട്ടോഴ്സ്
ന്യൂഡൽഹി: ടാറ്റ മോട്ടോഴ്‌സ് 7- 55 ടൺ വിഭാഗത്തിൽ വരുന്ന 17 പുതിയ മോഡൽ ട്രക്കുകളും ടിപ്പറുകളും പുറത്തിറക്കി. ഇതിൽ അസൂര എന്ന പുതിയ സീരീസും ടാറ്റാ ട്രക്ക്‌സ് ഇവി, പ്രൈമ, സിഗ്‌ന, അൾട്ര പ്ലാറ്റ്‌ഫോമുകളിലെ അപ്‌ഗ്രേഡുകളും ഉൾപ്പെടുന്നു.
കർശനമായ ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ട്രക്കുകളുടെ രൂപകൽപനയെന്ന് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് എംഡിയും സി.ഇ.ഒയുമായ ഗിരീഷ് വാഗ് പറഞ്ഞു. ഉടമസ്ഥർക്ക് ചെലവ് കുറച്ച് കൂടുതൽ വരുമാനമുണ്ടാക്കാൻ കഴിയും വിധമാണ് നിർമ്മാണം.3.6 ലിറ്റർ ഡീസൽ എഞ്ചിനുള്ള അസൂറ 7-19 ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഇന്റർമീഡിയറ്റ്, ലൈറ്റ് കൊമേഴ്‌സ്യൽ വാഹന വിഭാഗത്തിലാണ് അവതരിപ്പിച്ചത്. സുഖകരമായ ഡ്രൈവിംഗ്, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇലക്ട്രിക് ട്രക്കുകളും വിപണിയിൽ
ഐമോ ഇവി(ഇന്റലിജന്റ് മോഡുലാർ ഇലക്ട്രിക് വെഹിക്കിൾ) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി 7-55 ടൺ വരെ ഭാരമുള്ള ഇലക്ട്രിക് ട്രക്കുകളും അവതരിപ്പിച്ചു. പുതിയ ട്രക്കുകളിൽ കൂട്ടിയിടി, വശത്തു നിന്നുള്ള ഇടി എന്നിവയിൽ നിന്ന് ഡ്രൈവർക്ക് സംരക്ഷണം നൽകുന്ന തരത്തിലാണ് കാബിനുകളുടെ നിർമ്മാണം. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, കൊളീഷൻ മിറ്റിഗേഷൻ തുടങ്ങിയ സുരക്ഷാ സാങ്കേതികവിദ്യകൾ സജ്ജീകരിച്ചിരിക്കുന്നു.