5 തവണ നിയമ ലംഘനം: ലൈസൻസ് റദ്ദാക്കില്ല

Monday 26 January 2026 1:56 AM IST

തിരുവനന്തപുരം: അഞ്ചുതവണ ഗതാഗത നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാനുള്ള കേന്ദ്രഭേദഗതി സംസ്ഥാനത്ത് ഉടൻ നടപ്പാക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് പിൻമാറ്റം. കേന്ദ്ര ഭേദഗതി കൂടിയാലോചനയ്‌ക്ക് ശേഷമേ സംസ്ഥാനത്ത് നടപ്പാക്കുകയുള്ളൂവെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ്‌കുമാർ അറിയിച്ചു.

സാധാരണക്കാർക്ക് ബുദ്ധിമുട്ടാകാത്ത രീതിയിലേ നടപ്പാക്കൂ. നിയമം കർശനമാക്കിയാലേ അപകടം കുറയൂ എങ്കിലും കേന്ദ്ര നിയമങ്ങൾ പലതും അതേപടി നടപ്പാക്കില്ല. കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതികൾ എങ്ങനെ ലഘൂകരിക്കാം എന്നതു പഠിച്ച്, ചർച്ച ചെയ്‌തേ നടപടി എടുക്കൂ. ഇക്കാര്യം ഗതാഗത കമ്മിഷണറുമായി ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

 കുടിശികയ്ക്ക് ഡിസ്കൗണ്ട് നൽകാൻ എം.വി.ഡി

വാഹന ഉടമകൾക്ക് ചെലാൻ അടക്കുന്നതിന് പ്രത്യേക ഡിസ്‌കൗണ്ട് നൽകുന്നതിനെ കുറിച്ച് മോട്ടോർ വാഹന വകുപ്പ് ആലോചനയിലാണ്. ഭൂരിഭാഗം പേരും ചെലാൻ അടയ്ക്കാത്തത് നിരവധി ചെലാനുകൾ ചേർന്നുള്ള തുക കൂടിപ്പോയതുകൊണ്ടാണ്. ഒറ്റത്തവണ തീർപ്പാക്കലിലൂടെയോ മറ്റോ തുകയിൽ കുറവുവരുത്തിയാൽ വാഹന ഉടമകൾ ചെലാനുകൾ അടക്കുമെന്നാണ് എം.വി.ഡി കരുതുന്നത്.

ഭേദഗതിക്കു ശേഷമുള്ള മോട്ടോർ വാഹന നിയമ പ്രകാരം ചെലാനുകൾ കുടിശിക വരുത്തിയാൽ വാഹൻ, സാരഥിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും തടയാനാകും. നികുതി മാത്രമെ അടയ്‌ക്കാനാകൂ. ഇൻഷ്വറൻസ്, പുകപരിശോധന ഒന്നും സാധിക്കില്ല. വാഹനം പിടിച്ചെടുക്കേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പട്ടാൽ അതിനും സാധിക്കും. ഇൻഷ്വറൻസും ടാക്സും അടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കാമെന്ന വ്യവസ്ഥ പരിഷ്കരിച്ചാണ് ചെലാനുകൾ അടയ്ക്കാതിരുന്നാലും അതു ചെയ്യാമെന്ന ഭേദഗതി കൊണ്ടുവന്നത്.