നിർമ്മാണം വൈകി വെഞ്ചാലി എക്സ്പ്രസ് കനാൽ
തിരൂരങ്ങാടി: കർഷകരുടെ ചിരകാല സ്വപ്നമായ ചോർപ്പെട്ടി വെഞ്ചാലി എക്സ്പ്രസ് കനാൽ നിർമ്മാണം വൈകുന്നു. കരാർ കാലാവധി തീരാൻ രണ്ട് മാസം മാത്രം ബാക്കിയിരിക്കെ ഉദ്യോഗസ്ഥ അലംഭാവത്തിൽ പ്രതിസന്ധിയിലാണ് അഞ്ച് കോടി രൂപയുടെ പദ്ധതി. ഫണ്ട് അനുവദിച്ചിട്ട് വർഷം അഞ്ച് കഴിഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒരു വർഷം മുമ്പ് കരാറിലും ഒപ്പിട്ടു. എന്നാൽ റോഡിലെ ലെവൽസ് പൂർത്തിയാക്കി നൽകാനോ വൈദ്യുതി തുണുകൾ മാറ്റി സ്ഥാപിക്കാനോ മരങ്ങൾ മുറിച്ചു മാറ്റാനോയുള്ള നടപടികൾ പൂർത്തീകരിച്ചിട്ടില്ല. എ.ഇ ഇല്ലെന്ന കാരണം പറഞ്ഞാണ് പ്രവൃത്തി വൈകിപ്പിക്കുന്നത്. രണ്ട് മാസം മുമ്പ് ലെവൽസ് എടുത്തെങ്കിലും എ.ഇ ഇല്ലെന്ന കാരണം പറഞ്ഞ് ഇത് വരെയും എഴുതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അഞ്ചോളം വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കാൻ കെ.എസ്.ഇ.ബിക്ക് കത്ത് നൽകിയിട്ടുണ്ടെങ്കിലും തുടർ നടപടികളുണ്ടായില്ല. നിർമ്മാണ സ്ഥലത്തെ 145 മരങ്ങൾ നീക്കം ചെയ്യുന്നതിന് ഫോറസ്റ്റിന്റെ അനുമതിക്കായി കത്ത് നൽകി. ഇറിഗേഷൻ വകുപ്പിന് തന്നെ അത് വെട്ടിമാറ്റി ലേലം ചെയ്യാൻ വകുപ്പിന്റെ അനുമതി ലഭിച്ചെങ്കിലും ആ കാര്യത്തിലും നടപടിയായില്ല. അതിനാൽ നിർമ്മാണം ആരംഭിക്കാൻ കരാറുകാരന് സാധിച്ചിട്ടില്ല. നിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീക്കാൻ ഇത് വരെയും ചെറുകിട ജലസേചന ഉദ്യോഗസ്ഥർ കൃത്യമായ ഇടപെടൽ നടത്തിയില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. രണ്ട് കിലോമീറ്റർ കനാൽ നിർമ്മാണം പൂർത്തിയാക്കാൻ കുറഞ്ഞത് ഒന്നര വർഷമെങ്കിലുമെടുക്കും.
മാറ്റണം തടസങ്ങൾ
- കടലുണ്ടി പുഴയിലെ വെള്ളം ചോർപ്പെട്ടി പമ്പ് ഹൗസിൽ നിന്നും പമ്പ് ചെയ്ത് വെഞ്ചാലിയിലൂടെ നേരെ കൊടിഞ്ഞി കനാലിലേക്ക് എത്തിക്കുകയാണ് എക്‌സ്‌പ്രസ് കനാൽ പദ്ധതി.
- നിലവിലുള്ള കനാലിനോട് ചേർന്ന് വയലിൽ ഭിത്തികെട്ടി മണ്ണ് നിറച്ച് കനാൽ നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
- ഇറിഗേഷൻ വകുപ്പിന്റെ ഭൂമിയുള്ളതിനാൽ തടസ്സങ്ങൾ നീക്കിയാൽ വേഗത്തിൽ നിർമ്മാണ പ്രവൃത്തികൾ തുടങ്ങാനാകും.
- നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി ചോർപ്പെട്ടി പമ്പ് ഹൗസിൽ നിന്നുള്ള വെള്ളം ഇപ്പോൾ വെഞ്ചാലിയിൽ വച്ച് രണ്ടായി തിരിഞ്ഞാണ് സഞ്ചരിക്കുന്നത്. അതിനാൽ കൊടിഞ്ഞി, ചെറുമുക്ക്, കുണ്ടൂർ അത്താണി പാടശേഖരങ്ങളിലേക്ക് വെള്ളമെത്തുന്നതിന് വലിയ പ്രയാസം നേരിടുന്നുണ്ട്.
- പ്രദേശത്തെ പതിനായിരത്തോളം ഹെക്ടർ കൃഷിക്കും പരിസരങ്ങളിലെ ആയിരക്കണിക്ക് കുടുംബങ്ങൾക്കും ആശ്വാസമാകുന്ന എക്‌സ്‌പ്രസ് കനാൽ പദ്ധതി അനാവശ്യമായ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടിൽ കർഷകർ കടുത്ത അമർഷത്തിലാണ്.