പുതിയ അദ്ധ്യയന വർഷത്തിന് നാല് മാസം; എട്ട് ലക്ഷം പാഠപുസ്തകങ്ങൾ ജില്ലയിലെത്തി
മലപ്പുറം: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ നാല് മാസം കൂടി ശേഷിക്കേ ജില്ലയിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള എട്ട് ലക്ഷം പാഠപുസ്തകങ്ങൾ ജില്ലയിലെത്തി. കാക്കനാട് ഗവ. പ്രസിൽ നിന്നും അഞ്ച് ലോഡ് പാഠപുസ്തകങ്ങളാണ് ജില്ലയിലെത്തിയത്. മലപ്പുറം ഗവ. ബുക്ക് ഡിപ്പോയിലാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. ഇന്നലെ 1.37 ലക്ഷം പാഠപുസ്തകങ്ങളാണ് ജില്ലയിലെത്തിയത്. ഈ മാസം 16നാണ് ആദ്യ ലോഡ് പുസ്തകം എത്തിയത്. 17ന് രണ്ടാമത്തെ ലോഡും എത്തി. 20ന് മൂന്ന് ലോഡ് പാഠപുസ്തകങ്ങളെത്തി. ഫെബ്രുവരി രണ്ടാം വാരത്തോടെ പുസ്തക വിതരണം ആരംഭിക്കുമെന്ന് അധികൃതർ പറയുന്നു. 10 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിലെ ബുക്ക് ഡിപ്പോയിൽ സൂക്ഷിക്കാൻ സൗകര്യമുളളത്. പുസ്തക വിതരണം ആരംഭിച്ചാൽ തീരുന്ന മുറയ്ക്ക് പുതിയ ലോഡ് എത്തിക്കുമെന്ന് ടെക്സ്റ്റ് ബുക്ക് ഡിപ്പോ അധികൃതർ പറയുന്നു.
ഡിപ്പോയിൽ നിന്നും ജില്ലയിലെ 323 സ്‌കൂൾ സൊസൈറ്റികളിലേക്ക് പുസ്തകം എത്തിക്കും. കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് ഇവ സ്‌കൂളുകളിലെ സൊസൈറ്റികളിൽ എത്തിക്കുക. അവിടെ നിന്നാണ് വിവിധ സ്‌കൂളുകളിലേക്കുള്ള വിതരണം നടത്തുക. ഡിപ്പോയിൽ എത്തിയ പുസ്തകങ്ങൾ തരംതിരിച്ച് കെട്ടാക്കി ഓരോ സ്‌കൂളിന്റെയും പേരെഴുതിയ ലേബൽ ഉൾപ്പെടെയാണ് കയറ്റി അയക്കുക. കഴിഞ്ഞ അദ്ധ്യയന വർഷം 79 ലക്ഷം പാഠപുസ്തകങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. കഴിഞ്ഞ അദ്ധ്യയന വർഷം ഒരു ദിവസം ശരാശരി ഒരു ലക്ഷം പാഠപുസ്തകങ്ങളാണ് ഡിപ്പോയിൽ നിന്നും ജില്ലയിലെ 323 സ്‌കൂൾ സൊസൈറ്റികളിലേക്ക് എത്തിച്ചത്.
ജില്ലയിലെത്തിയ പുസ്തകങ്ങൾ - ആറ് ലക്ഷം
ഇന്നലെ എത്തിയത്- 1.37 ലക്ഷം
ഇത്തവണ നേരത്തെയാണ് പാഠപുസ്തകം എത്തിക്കൊണ്ടിരുന്നത്. പുസ്തകം തീരുന്ന മുറയ്ക്ക് അടുത്ത് ലോഡ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എൻ.രാജേഷ്, ഡിപ്പോ സൂപ്പർവൈസർ