വി.എസ്. ജോയ് തിരുവമ്പാടിയിൽ മത്സരിക്കാൻ സാദ്ധ്യതയേറുന്നു

Monday 26 January 2026 12:20 AM IST

നിലമ്പൂർ: മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് ഇക്കുറി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിൽ മത്സരിക്കാനുള്ള സാദ്ധ്യതയേറുന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, തിരുവമ്പാടി സീറ്റുകൾ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ വച്ച് മാറാൻ സാദ്ധ്യതയുണ്ട്. തിരുവമ്പാടിയിൽ ലീഗ് തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിൽ മുൻപ് ലീഗ് മത്സരിച്ചു വന്നിരുന്ന കുന്ദമംഗലം വാങ്ങി തിരുവമ്പാടി കോൺഗ്രസിന് നൽകാൻ സാദ്ധ്യതയേറെയാണ്. തിരുവമ്പാടിയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ഉണ്ടായിരുന്ന ഭിന്നതയും മണ്ഡലം വച്ച് മാറ്റത്തിന് മുസ്ലിം ലീഗിനെ പ്രേരിപ്പിക്കുന്നുണ്ട്. വി.എസ്. ജോയിയുമായി മുസ്ലിം ലീഗ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്കും നല്ല ബന്ധമാണുള്ളത്. വി.എസ്. ജോയ് തിരുവമ്പാടിയിൽ മത്സരിച്ചാൽ വിജയസാദ്ധ്യത കൂടുതലാണെന്ന അഭിപ്രായം മുസ്ലിം ലീഗിനുമുണ്ട്. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ് നേതൃത്വം എടുത്ത തീരുമാനത്തെ പൂർണമായി പിന്തുണച്ച വി.എസ്. ജോയിക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരക്ഷിതമായ ഒരു മണ്ഡലം നൽകണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആഗ്രഹവും ജോയിക്ക് അനുകൂലമാവും. മലയോര കുടിയേറ്റ കർഷക വോട്ടുകൾ നിർണായകമായ തിരുവമ്പാടി മണ്ഡലം പിടിക്കാൻ ജോയിയെ പോലെ കരുത്തനായ സ്ഥാനാർത്ഥിയെ വേണമെന്ന വികാരവും യുഡിഎഫിലുണ്ട്.