എന്നും പോരാട്ടത്തിന്റെ വഴിയിൽ
കൊച്ചി: എതിർപ്പുകളെയും വെല്ലുവിളികളെയും ഉൗർജമായി കണ്ട് വീറോടെ നേരിടുന്ന ശൈലിയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേത്. ബിസിനസിലായാലും സംഘടനാരംഗത്തായാലും പൊതുരംഗത്തായാലും നിലപാടുകൾ ഒന്നുതന്നെ. 89-ാം വയസിലും ഏത് പ്രതിസന്ധിക്ക് മുന്നിലും നെഞ്ചും വിരിച്ചു നിൽക്കാനുള്ള കരുത്ത് പകരുന്നത് ഈ ആത്മവിശ്വാസമാണ്. അർഹതയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്നത്.
1996ൽ വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി പദം ഏറ്റെടുത്തത് കൺസ്ട്രക്ഷൻ രംഗത്ത് മിന്നിത്തിളങ്ങി നിൽക്കുമ്പോഴാണ്. ബിസിനസ് ഉപേക്ഷിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയിലെ വൻകിട നിർമ്മാണ കമ്പനിയുടെ ഉടമയായി മാറിയേനെയെന്ന് അദ്ദേഹം പറയാറുണ്ട്. കഴിഞ്ഞ 29 വർഷവും എസ്.എൻ.ഡി.പി യോഗത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയായിരുന്നു പ്രവർത്തനം. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാതെ പിന്മാറ്റമില്ലെന്ന വാശി യോഗത്തിന്റെ ഉയർച്ചയിൽ നിർണായക ഘടകമായി.
സംഘടനയിലെ എതിരാളികൾ ഒറ്റയ്ക്കും കൂട്ടായും എതിർപ്പുമായെത്തിയിട്ടും ഒരൊത്തുതീർപ്പിനും വഴങ്ങാനോ ഒരിഞ്ചുപോലും പിന്നാക്കം പോകാനോ തയ്യാറായിട്ടില്ല. നിയമയുദ്ധങ്ങൾക്കു മുന്നിലും തോറ്റിട്ടില്ല. മൈക്രോ ഫിനാൻസ് പദ്ധതിയുടെയും കൊല്ലം എസ്.എൻ കോളേജ് ജൂബിലി ആഘോഷത്തിന്റെയും പേരിലുള്ള ക്രിമിനൽ കേസുകൾക്കു മുന്നിലും മുട്ടുമടക്കിയില്ല.
ഭരണത്തിന്റെ തണലിൽ മുസ്ലിംലീഗ് പൊതുസ്വത്ത് വെട്ടിപ്പിടിക്കുകയാണെന്നും വർഗീയകക്ഷിയാണെന്നുമുള്ള ആരോപണത്തെ തുടർന്നുണ്ടായ വെല്ലുവിളികൾക്കും ഭീഷണികൾക്കു മുമ്പിലും കീഴടങ്ങാതെ, നിലപാടുമാറ്റാതെ അദ്ദേഹം നിന്നു. ഉന്നയിച്ച ആരോപണങ്ങളോട് അവർ വസ്തുനിഷ്ഠമായി പ്രതികരിക്കുക പോലുമുണ്ടായില്ല.
സംഘടനയ്ക്കായി സർക്കാരുകളിൽ നിന്ന് അർഹതപ്പെട്ടത് ചോദിച്ചുവാങ്ങുന്നതാണ് ശൈലി. എതിർപ്പുകളെയും വെല്ലുവിളികളെയും അതേ നാണയത്തിൽ നേരിട്ടു. അപ്രിയ സത്യങ്ങൾ മുഖം നോക്കാതെ വിളിച്ചുപറഞ്ഞു. ന്യൂനപക്ഷ പ്രീണന സമീപനങ്ങളെ തുറന്നുകാട്ടി. വോട്ടുബാങ്ക് രാഷ്ട്രീയത്തിലൂടെയല്ലാതെ കേരളത്തിൽ ഭൂരിപക്ഷ വിഭാഗങ്ങൾക്ക് നിലനിൽപ്പില്ലെന്ന് പ്രഖ്യാപിച്ചു. വി.എം.സുധീരൻ മുതൽ വി.ഡി.സതീശൻ വരെയുള്ള കേരള രാഷ്ട്രീയത്തിലെ പ്രമാണികളുമായി തുറന്ന യുദ്ധം തന്നെ നടത്തി.
വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റപ്പോൾ എസ്.എൻ.ഡി.പി യോഗത്തിന് ഉണ്ടായിരുന്നത് 3882 ശാഖകളും 58 യൂണിയനുകളുമാണ്. ഇപ്പോൾ 6456 ശാഖകളും വിദേശങ്ങളിലുൾപ്പടെ 138 യൂണിയനുകളുമായി. അംഗങ്ങളുടെ എണ്ണം 11 ലക്ഷത്തിൽ നിന്ന് 34 ലക്ഷമായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ 42ൽ നിന്ന് 134 ആയി.