കൊച്ചിയിൽ വൻ ലഹരിവേട്ട: അഞ്ചു പേർ പിടിയിൽ
കൊച്ചി/കളമശേരി: വിവിധ ഇടങ്ങളിൽ നിന്നായി യുവതി ഉൾപ്പെടെ അഞ്ച് പേരെ രാസലഹരിയുമായി കൊച്ചി സിറ്റി പൊലീസ് പിടികൂടി. ചേരാനല്ലൂരിലെയും വാഴക്കാല മൂലപ്പാടത്തെയും ലോഡ്ജുകളിൽ നിന്നായി 716 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. കോഴിക്കോട് കുന്നമംഗലം പെരിങ്ങോലം സ്വദേശി അർജുൻ വി. നാഥിനെ (32) കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനല്ലൂർ പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നിന്ന് രാസ ലഹരി എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് അർജുൻ. കളമശേരി ഗ്ലാസ് ഫാക്ടറിക്ക് സമീപം കൊച്ചി സിറ്റി ഡാൻസാഫും ചേരാനെല്ലൂർ, കളമശേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് പ്രതികൾ പിടിലായത്. കളമശേരിയിലെ ഹോട്ടൽ മുറിയിൽ നിന്ന് എറണാകുളം വട്ടേക്കുന്നം സ്വദേശി അനസ് (34), കോട്ടയം ഈരാറ്റുപേട്ട സ്വദേശിനി ഫെബിന (27) എന്നിവരെ 2.20 ഗ്രാം എംഡിഎംഎയും 0.84 ഗ്രാം കഞ്ചാവുമായി പിടികൂടി. പ്രതികൾക്ക് രാസലഹരി എത്തിച്ച കണ്ണൂർ പാപ്പിനിശേരി ജാസിഫ് (33), വെസ്റ്റ്ബംഗാൾ മുർഷിദാബാദ് സ്വദേശി മസുദുൽ ബിശ്വാസ് (37) എന്നിവരെ 3.89 ഗ്രാം എംഡിഎംഎയുമായി കളമശേരി ഗ്ലാസ് ഫാക്ടറിക്ക് സമീപത്തു നിന്നും അറസ്റ്റ് ചെയ്തു.