ആനന്ദക്കണ്ണീരോടെ വെള്ളാപ്പള്ളി

Monday 26 January 2026 12:38 AM IST

ആലപ്പുഴ: പദ്മഭൂഷൺ ലഭിച്ച വിവരമറിഞ്ഞ് ആനന്ദക്കണ്ണീരോടെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയനിലെ 6023-ാം നമ്പർ ശ്രീശാരദാ ശതാബ്ദിസ്മാരക ശാഖായോഗത്തിലെ ഗുരുക്ഷേത്രസമർപ്പണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവനാണ് ഫോണിലൂടെ വിവരമറിയിച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥൻ കൈമാറിയ ഫോണിൽ നിന്ന് വിവരമറിഞ്ഞ വെള്ളാപ്പള്ളി തനിക്കൊപ്പം വേദിയിലുണ്ടായിരുന്ന മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജിനോടും ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്രയോടും പുരസ്കാര വിവരം പറഞ്ഞു. മൊബൈൽ ഫോൺ വഴി ചാനൽ വാർത്തകളിലൂടെയും വിവരമറിഞ്ഞു. എ.വി. ആനന്ദരാജ് അഭിമാനനേട്ടം മൈക്കിലൂടെ സദസിനെ അറിയിച്ചു.

സന്തോഷത്താൽ വെള്ളാപ്പള്ളിയുടെ കണ്ണുകൾ നിറഞ്ഞു. കൈകൂപ്പി സദസിനെ വന്ദിച്ചു. വേദിയിലും സദസിലുമുണ്ടായിരുന്നവർ കരഘോഷത്തോടെ ആദരവ് നൽകി. തനിക്ക് ലഭിച്ച പദ്മഭൂഷൺ എന്നെ ഞാനാക്കി മാറ്റിയ മുഴുവൻ സമുദായാംഗങ്ങൾക്കും നേതാക്കൾക്കും ഗുരുതൃപ്പാദങ്ങളിലും സമർപ്പിക്കുന്നതായി വെള്ളാപ്പള്ളി പറഞ്ഞു.

മാവേലിക്കര യൂണിയന്റെ വകയായി എ.വി.ആനന്ദരാജിന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളിയെ ഷാളണിയിച്ചു. വേദിയിലുണ്ടായിരുന്നവർ അദ്ദേഹത്തിന്റെ കാൽതൊട്ടു വന്ദിച്ചു. സമുദായംഗങ്ങളുടെ പിന്തുണയും ഗുരുദേവന്റെ അനുഗ്രഹവുമാണ് പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുന്നതിനുള്ള ഊർജമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞ് നിമിഷങ്ങൾക്കകമാണ് പദ്മഭൂഷൺ ലഭിച്ച വിവരമറിയുന്നത്. പുരസ്കാര വിവരം അറിഞ്ഞതിന് പിന്നാലെ ഫോണിലൂടെയടക്കം ആശംസാ പ്രവാഹമായി.

സമുദായാംഗങ്ങൾക്ക്

സമർപ്പിക്കുന്നു: വെള്ളാപ്പള്ളി

ആലപ്പുഴ: എന്നെ ഞാനാക്കി മാറ്റിയ എന്റെ മുഴുവൻ സമുദായാംഗങ്ങൾക്കുമായി പദ്മഭൂഷൺ സമർപ്പിക്കുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിലുൾപ്പെടാൻ എന്നെ അനുഗ്രഹിച്ചതും അർഹനാക്കിയതും സമുദായാംഗങ്ങൾ ഓരോരുത്തരുമാണ്. എനിക്ക് അതിനുളള ശക്തിയും പിൻബലവുമേകുന്നത് അവരാണ്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ അവാ‌‌‌ർ‌ഡുകളൊന്നും ഇഷ്ടപ്പെടുന്നയാളല്ല. അവാർഡും ഡോക്ടറേറ്റും നൽകാമെന്നൊക്കെ പറഞ്ഞ് സംഘടനകളും സ്ഥാപനങ്ങളുമൊക്കെ പല തവണ സമീപിച്ചിട്ടുണ്ട്. അത്തരം സ്വകാര്യ താത്പര്യങ്ങളൊന്നും ഇല്ലാത്തതിനാൽ അതിനൊന്നും വഴങ്ങിയിട്ടില്ല. ഗവ.ഓഫ് ഇന്ത്യയുടെ അംഗീകാരമെന്ന നിലയിൽ രാജ്യം എനിക്ക് സമ്മാനിച്ച പദ്മഭൂഷൺ ഞാൻ സ്വീകരിക്കുന്നുവെന്നും വ്യക്തമാക്കി.