ഉറച്ച നിലപാടുകളുടെ ന്യായാധിപൻ

Monday 26 January 2026 12:39 AM IST

കൊച്ചി: നിലപാടുകൾ തുറന്നുപറഞ്ഞ് കൈയടിയും വിമർശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയ ന്യായാധിപനാണ് ജസ്റ്റിസ് കെ.ടി. തോമസ്. കേരളത്തിലെ സ്വാശ്രയ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് ഘടനയെക്കുറിച്ച് അദ്ദേഹം നൽകിയ ശുപാർശകൾ മാനേജ്‌മെന്റുകളുടെ കടുത്ത എതിർപ്പിന് കാരണമായിരുന്നു. 2011 ആഗസ്റ്റിൽ നടത്തിയ പ്രസംഗത്തിൽ, മഹാത്മാഗാന്ധി വധത്തിൽ ആർ.എസ്.എസിന് പങ്കില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചത് വലിയ പൊതുസംവാദങ്ങൾക്ക് വഴിതെളിച്ചു. വർഗീയലക്ഷ്യം വച്ചുള്ള അക്രമങ്ങൾ തടയുന്നതിനുള്ള ബിൽ വിഭജനമുണ്ടാക്കുന്നതാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള കെ.ടി. തോമസിന്റെ നിലപാടും ചർച്ചാവിഷയമായി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച സമിതിയുടെ റിപ്പോർട്ടിൽ ജസ്റ്റിസ് തോമസ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെങ്കിലും അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോർട്ടിലെ കണ്ടെത്തലിനോട് അദ്ദേഹം യോജിച്ചത് കേരളത്തിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളുടെ വധശിക്ഷ ശരിവച്ച സുപ്രീം കോടതി ബെഞ്ചിന് നേതൃത്വം നൽകിയത് ജസ്റ്റിസ് കെ.ടി. തോമസാണ്. മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിൽ 23 വർഷത്തെ കാലതാമസം വന്നതിനാൽ, അവരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് 2013ൽ അദ്ദേഹം അഭിപ്രായപ്പെട്ടതും വലിയ ചർച്ചയായി.

1937 ജനുവരി 30ന് കോട്ടയത്താണ് ജനനം. കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് പ്രീ-യൂണിവേഴ്സിറ്റി കോഴ്സും കൊച്ചി സെന്റ് ആൽബർട്ട്സ് കോളേജിൽ നിന്ന് ബിരുദവും കഴിഞ്ഞ് മദ്രാസ് ലാ കോളേജിൽ നിന്ന് നിയമബിരുദം നേടി. 1960ൽ കോട്ടയത്ത് അഭിഭാഷകനായി. 1977ൽ ജില്ലാ സെഷൻസ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അദ്ദേഹം നേരിട്ട് ജഡ്ജിയായി നിയമിതനായി. 1985ൽ കേരള ഹൈക്കോടതിയിലെത്തി. 1995ൽ ആക്ടിംഗ് ചീഫ് ജസ്റ്റിസായി. 1996ൽ സുപ്രീംകോടതി ജഡ്ജിയായി നിയോഗിക്കപ്പെട്ടു.

2002ൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം ഇപ്പോൾ കോട്ടയം മുട്ടമ്പലത്താണ് താമസം. അദ്ദേഹത്തിന്റെ 25 വർഷത്തെ നീതിന്യായ സേവനത്തെ ആസ്പദമാക്കി 2008ൽ പ്രസിദ്ധീകരിച്ച 'ഹണിബീസ് ഒഫ് സോളമൻ" എന്ന ആത്മകഥ 'സോളമന്റെ തേനീച്ചകൾ" എന്ന പേരിൽ മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മകൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇപ്പോൾ കേരള ഹൈക്കോടതി ജഡ്ജിയാണ്.