പുരസ്കാര വേദിയിൽ പദ്മതിളക്കത്തിൽ മമ്മൂട്ടി
തിരുവനന്തപുരം:വെള്ളമുണ്ട്,വെള്ള ജുബ്ബ,കഴുത്തിലൊരു ചെയിൻ.ഇന്നലെ നിശാഗന്ധിയിലെ വെള്ളിവെളിച്ചത്തിൽ വെട്ടിത്തിളങ്ങുകയായിരുന്നു മമ്മൂക്ക.സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴായിരുന്ന മെഗാസ്റ്റാറിന്റെ മാസ് എൻട്രി.അപ്പോഴേക്കും കേന്ദ്ര സർക്കാർ പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു.ആഹ്ലാദാരവങ്ങൾക്ക് നടുവിലൂടെ മമ്മൂട്ടി വേദിയിലെത്തി.മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ആശംസകൾ അറിയിച്ചു.സദസിൽ നിന്നും 'മമ്മൂക്കാ വി ലവ് യു' എന്നൊരു വിളി.ആ ദിക്കിലേക്ക് നോക്കി മമ്മൂട്ടി കൈ വീശി.സദസ് വീണ്ടും ഇളകി.
'ഭ്രമയുഗ'ത്തിലെ കൊടുമൺ പോറ്റിയായുള്ള ഞെട്ടിക്കുന്ന പ്രകടനത്തിനാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.പദ്മഭൂഷൺ കൂടിയെത്തിയതോടെ സ്വയം വെട്ടിയ നേട്ടങ്ങളുടെ വഴിയിൽ ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് മമ്മൂട്ടി.
''പദ്മഭൂഷൺ നൽകി രാജ്യം മമ്മൂട്ടിയെ ആദരിക്കുന്നത് നമ്മുടെ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും കാണാൻ സാധിച്ചു.കുറേ വർഷങ്ങളായി സംസ്ഥാന സർക്കാർ മമ്മൂട്ടിയുടെ പേര് ശുപാർശ ചെയ്യുന്നുണ്ട്.എല്ലാത്തിനും അതിന്റേതായ കാലമുണ്ടെന്ന്"" മുഖ്യമന്ത്രി പറഞ്ഞപ്പോൾ വേദിയിൽ കരഘോഷം.
'മമ്മൂട്ടിയുടെ ഓരോ കഥാപാത്രങ്ങളും ഭാവപ്പകർച്ച കൊണ്ട് അദുഭതപ്പെടുത്തുന്നു.കാതൽ എന്ന സിനിമയിലെ കഥാപാത്രം ഏതൊരു സൂപ്പർസ്റ്റാറും ചെയ്യാൻ മടിക്കുന്നതാണ്.ലോസ് ആഞ്ചലീസിലെ ഓസ്‌കർ അക്കാഡമി മ്യൂസിയത്തിൽ 'ഭ്രമയുഗം' പ്രദർശിപ്പിക്കുന്നുണ്ട്.മമ്മൂട്ടി മലയാളികൾക്ക് നൽകുന്ന അഭിമാന നിമിഷമാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.പദ്മഭൂഷൺ മമ്മൂട്ടി എന്ന് അഭിസംബോധന ചെയ്താണ് മമ്മൂട്ടിയെ പുരസ്കാരം സ്വീകരിക്കാൻ ക്ഷണിച്ചതെങ്കലും മറുപടി പ്രസംഗത്തിൽ അദ്ദേഹം പദ്മഭൂഷൺ നേട്ടം പരാമർശിച്ചില്ല.
പുരസ്കാരങ്ങൾ കലാകാരനെ സംബന്ധിച്ചിടത്തോളം പ്രോത്സാഹനമാണ്.പ്രത്യേക ജൂറി അവാർഡ് ലഭിച്ച ആസിഫും ടോവീനോയും എന്നെക്കാൾ ഒരു മില്ലീമീറ്ററിന്റെ ഒരു ഭാഗം പോലും താഴെയല്ല.പ്രായത്തിൽ മൂത്തതായതുകൊണ്ടാകാം എനിക്കു കിട്ടിയത്.ഞാൻ 'ഫെമിനിച്ചി ഫാത്തിമ' കണ്ടു.ഇത്തരം സിനിമകൾ മലയാളത്തിൽ മാത്രമെ ഉണ്ടാകൂ.എന്തുകൊണ്ട് ഇത്തരം നല്ല സിനിമ മലയാളത്തിലുണ്ടാകുന്നുവെന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ.ഇവിടെ അതു കാണാൻ ആളുണ്ട്.സിനിമ ചിന്തിക്കാനും മനസിലാക്കാനും സന്ദേശങ്ങൾ പകരാനുമുള്ള മാദ്ധ്യമമായി കാണുന്നവരാണ് മലയാളികൾ.സിനിമയിലെ നായകനും നായികയുമൊക്കെ സാധാരണ മനുഷ്യരാകണം എന്നാഗ്രഹിക്കുന്നവരാണ് നമ്മൾ.പ്രേക്ഷകരോട് എന്നും നന്ദിയുളളവനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.