ഉദ്ഘാടനത്തിന് മുമ്പ് ജനങ്ങള്‍ ഒഴുകിയെത്തുന്നു, കേരളത്തിലെ ഈ പാലമാണ് ഇപ്പോള്‍ സൂപ്പര്‍ഹിറ്റ്

Monday 26 January 2026 12:43 AM IST

കാട്ടാക്കട: അമ്പൂരി പഞ്ചായത്തില്‍ തൊടുമല വാര്‍ഡിലെ 11 ഊരുകളിലായി കഴിയുന്ന ആയിരത്തിലധികം കുടുംബങ്ങളുടെ സ്വപ്നമായിരുന്നു കുമ്പിച്ചല്‍കടവ് പാലം. ആ സ്വപ്നം യാതാര്‍ത്ഥ്യമാകുന്ന സന്തോഷത്തിലാണ് ഇന്നിവര്‍. മിനുക്കുപണികള്‍ മാത്രം ശേഷിക്കുന്ന പാലം ഈ മാസം മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ആകാശം മുട്ടിനില്‍ക്കുന്ന മലനിരകള്‍,സമൃദ്ധമായി ഒഴുകുന്ന നെയ്യാര്‍, പിന്നെ കാനനഭംഗി... റീല്‍സൊരുക്കാന്‍ യൂട്യൂബര്‍മാര്‍ക്ക് വേറെന്തുവേണം.

ഉദ്ഘാടനത്തിന് മുന്നേ റീല്‍സുകളില്‍ നിറഞ്ഞ് സാമൂഹികമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് അമ്പൂരിയിലെ കുമ്പിച്ചല്‍ക്കടവ് പാലം. പാലത്തിന്റെ അരികില്‍ നിന്ന് വിദൂരമായ മലനിരകളുടെ ദൃശ്യവിസ്മയം ആസ്വദിക്കാനും റീല്‍സെടുക്കാനും എത്തുന്നവരുടെ വന്‍ തിരക്കാണ്. ഐസ്‌ക്രീം കച്ചവടക്കാരും തുണി കച്ചവടകാരുടെയും വ്യാപാര കേന്ദ്രമായി മാറീരിക്കുകയാണ് ഇന്ന് ഇവിടെ.

സി.കെ.ഹരീന്ദ്രനാഥ് എം.എല്‍.എയുടെ ശ്രമഫലമായാണ് പാലം പണി പൂര്‍ത്തിയായത്. ഉദ്ഘാടന ദിവസം എത്തുന്ന അതിഥികള്‍ക്ക് സദ്യയൊരുക്കാന്‍ തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍. ഗോത്രവര്‍ഗ്ഗത്തിന്റെ പരമ്പരാഗത കലാരൂപങ്ങള്‍ മനസ്സിലാക്കാന്‍ അന്യദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് പാലം ഏറെ ഗുണകരമാകുമെന്നും വിലയിരുത്തപ്പെടുന്നു. പാലം തൊടുമല തൊട്ടതോടെ ഉത്സാഹത്തിലാണ് ജനങ്ങള്‍. ഏറെ അനിശ്ചിതത്തിനൊടുവിലാണ് പദ്ധതി പൂര്‍ത്തിയാക്കിരിക്കുന്നത്.

സജ്ജീകരണങ്ങള്‍

പാലത്തിന്റെ മുകളിലും അപ്രോച്ച് റോഡിന്റെ ടാറിംഗ് പൂര്‍ത്തിയായ ഭാഗത്തും സിഗ്‌നല്‍ മാര്‍ക്കിംഗ് തുടങ്ങി. യൂട്ടിലിറ്റി ഡക്ടുകളുടെ പണികള്‍ പൂര്‍ത്തിയായി. പാലത്തിലും അപ്രോച്ച് റോഡിലും നടപ്പാതകളും സജ്ജമായി. പാലത്തിന്റെ വശങ്ങളില്‍ നിന്നു ജലസംഭരണിയിലേക്ക് ഇറങ്ങാനുള്ള പാതയുടെ നിര്‍മ്മാണവും കഴിഞ്ഞു.

വിവിധ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു

സമീപ വാസികള്‍ക്കും വിവിധ ഊരുകളില്‍ കഴിയുന്ന വനവാസികള്‍ക്കും പാലത്തിലൂടെ ഇരുചക്രവാഹന യാത്ര അനുവദിച്ചിട്ടുണ്ട്. കടത്തുവള്ളത്തെ ആശ്രയിച്ചിരുന്ന നാട്ടുകാരും വിദ്യാര്‍ത്ഥികളും ഇപ്പോള്‍ പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. വിവിധ ഉള്‍നാടന്‍ ഊരുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. കിഫ്ബി ഫണ്ടില്‍ നിന്ന് 19 കോടി മുടക്കിയാണ് നിര്‍മ്മാണം. നെയ്യാര്‍ ജലാശയത്തിന് കുറുകേ നിര്‍മ്മിച്ചിട്ടുള്ള ഈ പാലത്തിന് 253.4 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ട്.