ഓസ്ട്രേലിയൻ ഓപ്പൺ : സബലേങ്ക, കാർലോസ്, നൊവാക്ക് ക്വാർട്ടറിൽ
മെൽബൺ : മുൻനിര താരങ്ങളായ അര്യാന സബലേങ്ക, കാർലോസ് അൽക്കാരസ് നൊവാക്ക് ജോക്കോവിച്ച്, കൊക്കോ ഗൗഫ്,അലക്സ് ഡിമിനേയുർ,എലിന സ്വിറ്റോളിന എന്നിവർ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിലെത്തി.
പുരുഷ വിഭാഗം ടോപ്സീഡായ കാർലോസ് പ്രീ ക്വാർട്ടറിൽ അമേരിക്കൻ താരം ടോമി പോളിനെ 7-6.6-4.7-5 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. എതിരാളിയായിരുന്ന യാക്കൂബ് മെൻസിക്ക് പരിക്കേറ്റ് പിന്മാറിയതിനാൽ നൊവാക്ക് ജോക്കോവിച്ച് പ്രീക്വാർട്ടറിൽ കളിക്കാതെ ക്വാർട്ടറിലേക്ക് എത്തി. പത്താം സീഡ് അലക്സാൻഡർ ബുബ്‌ളിക്കിനെ 6-4,6-1,6-1ന് തോൽപ്പിച്ചാണ് അലക്സ് ഡിമിനയൂർ അവസാന എട്ടിൽ ഇടം പിടിച്ചത്.
വനിതാവിഭാഗം ടോപ്സീഡായ അര്യാന സബലേങ്ക പ്രീക്വാർട്ടറിൽ കനേഡിയൻ താരം വിക്ടോറിയ എംബോക്കോയെ 6-1,7-6നാണ് തോൽപ്പിച്ചത്. മൂന്നാം സീഡ് കൊക്കോ ഗൗഫ് മൂന്ന് സെറ്റ് പോരാട്ടത്തിൽ 19-ാം സീഡ് കരോളിന മുച്ചോവയെ കീഴടക്കി. സ്കോർ : 6-1,3-6,6-3. മിറ ആൻഡ്രീവയെ 6-2,6-4ന് തോൽപ്പിച്ചാണ് എലിന സ്വിറ്റോളിന ക്വാർട്ടറിലേക്ക് കാലെടുത്തുവച്ചത്.