എസ്. രാജേന്ദ്രന് എം.എം. മണിയുടെ ഭീഷണി:..... 'പാർട്ടിയെ വെല്ലുവിളിച്ചാൽ കൈകാര്യം ചെയ്യും"
തൊടുപുഴ: മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ പാർട്ടിയെ വെല്ലുവിളിച്ചാൽ കൈകാര്യം ചെയ്യാൻ പ്രവർത്തകർക്ക് അറിയാമെന്ന് സി.പി.എം നേതാവ് എം.എം. മണി എം.എൽ.എയുടെ ഭീഷണി. ദേവികുളം മുൻ എം.എൽ.എയായ എസ്. രാജേന്ദ്രൻ സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് ഭീഷണി.
മൂന്നാറിൽ നടന്ന സി.പി.എം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മണി. പാർട്ടിയെ വെല്ലുവിളിക്കുന്നത് താനായാൽ പോലും കൈകാര്യം ചെയ്യണം. ഈ രീതിയിലെല്ലാം വളർത്തിയത് പാർട്ടിയാണ്. അവസാനം പാർട്ടിയോട് നന്ദികേട് കാണിക്കുന്നത് വച്ചുപൊറുപ്പിക്കില്ല. രാജേന്ദ്രനെ മൂന്ന് തവണ എം.എൽ.എയാക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയതും പാർട്ടിയാണ്. ജീവിത കാലംമുഴുവൻ പെൻഷനും അർഹനാക്കി. മരിച്ചാൽ ഭാര്യക്കും ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ ഉണ്ട ചോറിന് നന്ദി കാണിച്ചില്ല. രാജേന്ദ്രൻ എവിടെ ചേർന്നാലും തങ്ങൾക്ക് ഒരു പ്രശ്നവുമില്ലെനും എം.എം. മണി പറഞ്ഞു.