ബഹിഷ്കരണം ചുരുട്ടി പോക്കറ്റിൽ വച്ചു, ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ
കറാച്ചി : ബംഗ്ളാദേശിനെ ഒഴിവാക്കി സ്കോട്ട്‌ലാൻഡിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിലപാട് മാറ്റി. ആവശ്യമില്ലാതെ ബഹിഷ്കരിക്കാൻ നിന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെ പാക് ബോർഡ് ഇന്നലെ ലോകകപ്പിനുള്ള 15 അംഗടീം പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് സർക്കാരുമായി ചർച്ച ചെയ്തേ തീരുമാനമെടുക്കാനാകൂ എന്നാണ് പി.സി.ബി പ്രസിഡന്റ് മൊഹ്സിൻ നഖ്‌വി കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. ഇന്ത്യയിൽ പാകിസ്ഥാന്റെ മത്സരങ്ങൾ ഒന്നും നടത്തുന്നില്ല. ശ്രീലങ്കയിലാണ് പാകിസ്ഥാന്റെ മത്സരങ്ങൾ. ഈ സാഹചര്യത്തിൽ വേണ്ടാത്ത പ്രശ്നങ്ങൾക്ക് പോകരുതെന്ന് ശക്തമായ ഭാഷയിൽ ഐ.സി.സി മുന്നറിയിപ്പ് നൽകുകയായിരുന്നു.
സൽമാൻ അലി ആഗ നയിക്കും
ലോകകപ്പിനുള്ള പാക്ടീമിനെ സൽമാൻ അലി ആഗയാണ് നയിക്കുക. സീനിയർ താരങ്ങളായ ബാബർ അസമും ഷഹീൻ അഫ്രീദിയും ടീമിൽ ഇടംനേടിയപ്പോൾ ഹാരിസ് റൗഫിനെയും മുഹമ്മദ് റിസ്‌വാനെയും ഒഴിവാക്കി.നെതർലാൻഡ്സ്, യു.എസ്.എ, നമീബിയ, ഇന്ത്യ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് പാകിസ്ഥാൻ. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നെതർലൻഡ്സിനെതിരെയാണ് ആദ്യ മത്സരം. 15ന് ഇതേവേദിയിലാണ് ഇന്ത്യ പാക്മത്സരവും.
പാകിസ്ഥാൻ ടീം
സൽമാൻ അലി ആഗ (ക്യാപ്ടൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്റഫ്, ഫഖർ സമാൻ, ഖ്വാജ മുഹമ്മദ് നഫായ്, മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, ഷഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.
തീരുമാനം അംഗീകരിച്ച് ബി.സി.ബി
ലോകകപ്പിൽ നിന്ന് തങ്ങളെ ഒഴിവാക്കാനുള്ള ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനം അംഗീകരിക്കുന്നതായി ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ കളിക്കുന്നത് തങ്ങളുടെ കളിക്കാർക്ക് സുരക്ഷിതമല്ലാത്തതുകൊണ്ടാണ് തങ്ങൾക്ക് ബഹിഷ്കരണത്തിൽ ഉറച്ചുനിൽക്കേണ്ടിവന്നതെന്നും കളിക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും ബി.സി.ബി അറിയിച്ചു. അതേസമയം ബംഗ്ളാ കളിക്കാർക്കും ബോർഡിലെ ഭൂരിപക്ഷത്തിനും ലോകകപ്പിൽ കളിക്കണമെന്നായിരുന്നു ആഗ്രഹമെന്നും ബംഗ്ളാദേശ് സർക്കാരിന്റെ കടുംപിടുത്തമാണ് ഒഴിവാക്കലിലേക്ക് നയിച്ചതെന്നും ഇതിനെച്ചൊല്ലി ബോർഡിനുള്ളിൽ തർക്കങ്ങൾ മുറുകുകയാണെന്നും റിപ്പോർട്ടുകളുണ്ട്.