പത്മപ്രഭയിൽ വിജയ് അമൃത് രാജും രോഹിതും, ഹർമനും
ന്യൂഡൽഹി : രാജ്യം പ്രഖ്യാപിച്ച പത്മപുരസ്കാരങ്ങളുടെ തിളക്കത്തിൽ കായിക താരങ്ങളായ വിജയ് അമൃത് രാജ്, രോഹിത് ശർമ്മ, ഹർമൻപ്രീത് കൗർ, സവിത പൂനിയ,കെ. പഴനിവേൽ, ബൽദേവ് സിംഗ്, പ്രവീൺകുമാർ, വ്ളാഡിമർ മെസ്റ്റ്‌വിരിഷ് വില്ലി എന്നിവർ.
ഇന്ത്യൻ ടെന്നിസിനെ അന്താരാഷ്ട്രരംഗത്ത് പരിചയപ്പെടുത്തിയവരിൽ മുമ്പനായ വിജയ് അമൃത്‌രാജിനെത്തേടി പത്മഭൂഷൺ പുരസ്കാരമാണെത്തിയത്. തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം നാലുഗ്രാൻസ്ളാമുകളിലും സിംഗിൾസ് കളിച്ചിട്ടുണ്ട്. വിംബിൾഡണിലും യു.എസ് ഓപ്പണിലും ക്വാർട്ടർ ഫൈനൽവരെയെത്തി. 1976 വിംബിൾഡൺ ഡബിൾസ് സെമിഫൈനലിൽ കളിച്ചു. 1982ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. കളിക്കളം വിട്ടശേഷം കമന്റേറ്ററായി തുടർന്നു. ചില ഹോളിവുഡ് ചിത്രങ്ങളിൽ ഉൾപ്പടെ അഭിനേതാവുമായി.
ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് സൂപ്പർ താരങ്ങളെയാണ് പത്മശ്രീ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ട്വന്റി-20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിത്തന്ന പുരുഷ ടീം മുൻനായകനായ രോഹിത് ശർമ്മയ്ക്കും ഏകദിന ലോകകപ്പ് നേടിത്തന്ന വനിതാ ക്യാപ്ടൻ ഹർമൻപ്രീത് കൗറിനുമാണ് പത്മശ്രീ. നിലവിൽ ഏകദിനത്തിൽ മാത്രമാണ് രോഹിത് കളിക്കുന്നത്. ഹർമൻ ഇപ്പോഴും എല്ലാഫോർമാറ്റിലും ഇന്ത്യൻ ക്യാപ്ടനാണ്. ഹോക്കിയിൽ നിന്ന് ബൽദേവ് സിംഗിനും സവിത പൂനിയയ്ക്കും പത്മശ്രീ ലഭിച്ചു. വനിതാഹോക്കിയിൽ വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന പരിശീലകനാണ് ബൽദേവ്. ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ മുൻ ക്യാപ്‌ടനും ഗോൾ കീപ്പറുമാണ് സവിത.
2024ലെ പാരീസ് പാരാലിമ്പിക്സിൽ ഹൈജമ്പിൽ സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ.കഴിഞ്ഞവർഷം ഡൽഹിയിൽ നടന്ന ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും പ്രവീൺ നേടിയിരുന്നു.പോണ്ടിച്ചേരിയിൽ നിന്നുള്ള ചിലമ്പാട്ടം ആചാര്യനാണ് പത്മശ്രീ ലഭിച്ച പഴനിവേൽ. 2003 മുതൽ ഇന്ത്യൻ ഗുസ്തികോച്ചായിരുന്ന ജോർജിയക്കാരൻ വ്ളാഡിമർ മെസ്റ്റ്‌വിരിഷ് വില്ലിക്ക് മരണാനന്തര ബഹുമതിയായാണ് പത്മശ്രീ ലഭിച്ചത്. സുശീൽ കുമാർ,യോഗേശ്വർ ദത്ത്, ബജ്‌റംഗ് പുനിയ എന്നിവരുടെ ഒളിമ്പിക് മെഡൽനേട്ടങ്ങൾക്ക് പിന്നിൽ മെസ്റ്റ്‌വിരിഷ് വില്ലിയുടെ പരിശ്രമമുണ്ടായിരുന്നു.