കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോ ദുരവസ്ഥ പരി​ഹരി​ക്കാൻ പുതി​യ കെട്ടി​ടത്തി​ലേക്ക്

Monday 26 January 2026 12:48 AM IST

ഉയരാൻ പോകുന്നത് മൂന്ന് നില കെട്ടിടം

കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ഡി​പ്പോയ്ക്ക് ആധുനിക കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത മാസത്തോടെ ടെണ്ടർ നടപടികൾ ആരംഭിക്കും. പുതിയ കെട്ടിടത്തിന്റെ രൂപഘടന പുരോഗമിക്കുന്നു. ഇത് പൂർത്തിയായൽ ഉടൻ തന്നെ ടെണ്ടറി​ലേക്ക് കടക്കും.

താലൂക്ക് ഒ‍ാഫീസ് ജംഗ്ഷനിലെ കെ.എസ്.ആർ.ടി.സി ഗ്യാരേജിന്റെ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഡിപ്പോ നിർമിക്കുന്നത്. എം.മുകേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 5 കോടിയും സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ 10 കോടിയും വിനിയോഗിച്ചാണ് നി​ർമ്മാണം. മൂന്ന് നിലകളും 34,432 ചതുരശ്ര അടിയുമുണ്ടാവും. പഴയ രൂപരേഖ മാറ്റിയാണ് പുതി​യത് തയാറാക്കിയത്. ഓഫീസ്, ഡിപ്പോ, ഗ്യാരേജ് ഉൾപ്പെടെ മുഴുവൻ സംവിധാനവും നിലവിൽ ഗാരേജ് സ്ഥലത്തേക്ക് മാറ്റും. ഗ്യാരേജ്, ഓഫീസുകൾ, ഇലട്രിക്കൽ സ്റ്റോർ റൂം, ജീവനക്കാർക്കുള്ള വിശ്രമ മുറികൾ, കൊറിയർ റൂം, ശീതീകരിച്ച ഫാമിലി വെയിറ്റിംഗ് റൂമുകൾ, ഫീഡിംഗ് റൂം, സുരക്ഷാ മുറി, പൊലീസ് എയ്ഡ് പോസ്റ്റ്, പൊതു ശൗചാലയങ്ങൾ, ബുക്കിംഗ്, അന്വേഷണ കൗണ്ടറുകൾ, ജീവനക്കാർക്കുള്ള വിശ്രമമുറികൾ, ബഡ്ജറ്റ് ടൂറിസം, ഡി.ടി.ഒ ഓഫീസുകൾ, കോൺഫറൻസ് ഹാൾ, ജലവിതരണ സംവി​ധാനങ്ങൾ എന്നി​വ ഉണ്ടായിരിക്കും. പൊതുമരാമത്ത് വകുപ്പി​നാണ് നി​ർമ്മാണ ചുമതല.

അറ്റകുറ്റപ്പണി നടത്തും

നിലവിലെ ബസ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തുമെന്ന് കെ.എസ്. ആ‌ർ.ടി.സി അധികൃതർ അറിയിച്ചു. താലൂക്ക് ഒ‍ാഫീസ് ജംക്‌ഷനിൽ പ്രവർത്തിക്കുന്ന ഗ്യാരേജ് കെ.എസ്.ആർ.ടി.സിയുടെ കാന്റീൻ പ്രവർത്തിച്ചിരുന്ന ഭാഗത്തേക്ക് താത്കാലികമായി മാറ്രും. നി​ലവി​ലെ ഡിപ്പോ കെട്ടിടം കാലപ്പഴക്കം മൂലം പൊളിഞ്ഞു വീഴാമെന്ന അവസ്ഥയി​ലാണ്. ബസ് കാത്തു നിൽക്കുന്ന ഭാഗത്തെ കോൺക്രീറ്റ് പാളികൾ അടർന്ന് മാറി കമ്പികൾ പുറത്ത് കാണുന്ന സ്ഥിതിയിലാണ്. ഇരിപ്പിടങ്ങൾ ഇട്ടിരിക്കുന്നതിന്റെ തൊട്ടു മുകളിലത്തെ കാഴ്ചയാണിത്. കെട്ടിടത്തിന്റെ ഭൂരിഭാഗങ്ങളിലെയും കോൺക്രീറ്റ് പാളികൾ ഏതു നിമിഷവും അടർന്നു വീഴാം. മുൻവശത്തെ ഇരിപ്പിടങ്ങൾ വൃത്തിഹീനമായതും പഴക്കം ചെന്നതുമാണ്. തൂണുകളി​ൽ വി​ള്ളലുണ്ട്. ഭിത്തികളും വിണ്ടുകീറി. കെ.എസ്.ആർ.ടി.സി ജീവനക്കാരും കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ നിരവധി പേരാണ് കെട്ടിടത്തിനുള്ളിൽ ജോലി ചെയ്യുന്നത്.

ഫണ്ട്

എം.എൽ.എ ആസ്തി വികസനം ₹ 5 കോടി

സർക്കാർ അനുവദിച്ചത് ₹ 10 കോടി

അടുത്ത മാസത്തോടെ പുതിയ കെട്ടിടത്തിന്റെ ‌ടെണ്ടർ നടപടികളിലേക്ക് കടക്കാനാവും

പി.ഡബ്‌ള്യു.ഡി അധികൃതർ

.............................

ശോചനീയാവസ്ഥയിലായ കെട്ടിടം അറ്റകുറ്റപ്പണി നടത്താനുള്ള നടപടികൾ നടക്കുകയാണ്

കെ.എസ്.ആർ.ടി.സി അധികൃതർ