മിഥുനിന്റെ ഓർമ്മകൾ ഇനി 'മിഥുന'ത്തിൽ

Monday 26 January 2026 12:50 AM IST
മിഥുന്റെ കുടുംബത്തിന് സർക്കാർ നിർമ്മിച്ചു നൽകുന്ന വീട്

ഷോക്കേറ്റു മരിച്ച മിഥുനിന്റെ കുടുംബത്തിന് പുതിയ വീട്

കൊല്ലം: സ്കൂളിൽ വച്ച് വൈദ്യുതാഘാതമേറ്റ് മരിച്ച് നാടിന്റെ നോവായി മാറിയ മിഥുനിന്റെ കുടുംബത്തിന് പുതിയ വീട് നിർമ്മാണം പൂർത്തിയായി. ഈ മാസം 31ന് താക്കോൽ കൈമാറ്റം.

തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥി പടിഞ്ഞാറേക്കല്ലട വിളന്തറയിൽ എം.മിഥുനിന്റെ കുടുംബത്തിന് വീട് വച്ചുനൽകുമെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രഖ്യാപനമാണ് സാക്ഷാത്കരിക്കപ്പെട്ടത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സാണ് 'മിഥുനിന്റെ വീട്, എന്റെയും' എന്ന പേരിട്ട പദ്ധതിയിലൂടെ വീട് നിർമ്മിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 10ന് വിദ്യാഭ്യാസ മന്ത്രിയാണ് വീടിന് തറക്കല്ലിട്ടത്. ആറ് മാസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. ആറ് മാസം തികയുംമുൻപ് താക്കോൽ കൈമാറുകയുമാണ്.

വീടിന്റെ പേര് 'മിഥുനം'

എം.മിഥുനിന്റെ വിയോഗം സൃഷ്ടിച്ച വേദന ഇനിയും അടങ്ങിയിട്ടില്ല. കഴിഞ്ഞ ജൂലായ് 17ന് രാവിലെയായിരുന്നു സ്കൂൾ വളപ്പിൽ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് മിഥുൻ മരിച്ചത്. തേവലക്കര സ്കൂളിലും മിഥുനിന്റെ വീട്ടിലുമൊക്കെ ഇപ്പോഴും ആ സങ്കടം അലയടിക്കുന്നുണ്ട്. പഴയ വീട് നിന്നിരുന്ന ഭാഗത്താണ് പുതിയ വീട് നിർമ്മിച്ചത്. 20 ലക്ഷം രൂപ ചെലവിൽ 1000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീട്ടിൽ മൂന്ന് കിടപ്പ് മുറി, രണ്ട് ടൊയ്‌ലെറ്റ്, ലിവിംഗ് റൂം, അടുക്കള, ഡൈനിംഗ് ഏരിയ, സിറ്റൗട്ട്, സ്റ്റെയർകെയ്സ് എന്നിവയെല്ലാമുണ്ട്. വീടിന് 'മിഥുനം' എന്ന പേരിടാനാണ് വീട്ടുകാർ തീരുമാനിച്ചിട്ടുള്ളത്. വീടിന് പുറമെ സംസ്ഥാന സ‌ർക്കാർ 10 ലക്ഷം, പൊതു വിദ്യാഭ്യാസ വകുപ്പ് 3 ലക്ഷം, കെ.എസ്.ഇ.ബി 10 ലക്ഷം, അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ 11 ലക്ഷം എന്നിങ്ങനെ നൽകിയിരുന്നു. അമ്മ സുജയ്ക്ക് ജോലി നൽകാനുള്ള ശ്രമംകൂടി നടത്തിയിരുന്നെങ്കിലും അത് സാദ്ധ്യമായിട്ടില്ല. മിഥുന്റെ അനുജൻ സുജിന്റെ വിദ്യാഭ്യാസ ചെലവുകൾ പൂർണമായും സർക്കാർ വഹിക്കും.

താക്കോൽ ദാനത്തിന് മന്ത്രിമാരെത്തും

വീടിന്റെ താക്കോൽദാന ചടങ്ങ് ഈ മാസം 31ന് നടത്താനാണ് ആലോചന. മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ.ബാലഗോപാലും എത്തും. കൂടുതൽ വിപുലമായ ചടങ്ങുകൾ വേണമോയെന്നും ആലോചിക്കുന്നുണ്ട്.

പൊന്നുമോൻ പോയി, അവന്റെ ആഗ്രഹമാണ് നല്ലൊരു വീട്. അത് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. സർക്കാർ പറഞ്ഞതെല്ലാം ചെയ്തുതന്നു. എല്ലാവരോടും നന്ദിയുണ്ട്

മനു, മിഥുന്റെ പിതാവ്