കാടില്ലാത്ത ആലപ്പുഴയിൽ തപോവനം സൃഷ്ടിച്ച ദേവകിയമ്മയ്ക്ക് പദ്മശ്രീ
ആലപ്പുഴ: കാടില്ലാത്ത ആലപ്പുഴയിൽ വനവത്ക്കരണത്തിലൂടെ മൂവായിരത്തോളം അപൂർവ സസ്യങ്ങളെ സംരക്ഷിക്കുന്ന മുതുകുളം കൊല്ലകൽ തറവാട്ടിലെ 92കാരി ദേവകിയമ്മ പദ്മശ്രീ പുരസ്ക്കാര നിറവിൽ. നാല് പതിറ്റാണ്ട് കൊണ്ട് വീടിന് ചുറ്റുമുള്ള
അഞ്ചേക്കറിലായി പോറ്റിവളർത്തിയത് 'കൊല്ലക്കൽ തപോവനം' എന്ന സ്വപ്‌നവനം. നിശബ്ദ സേവനം നടത്തുന്നവരെ ആദരിക്കുന്ന അൺസംഗ് ഹീറോസ് വിഭാഗത്തിലാണ് ദേശീയ പുരസ്‌കാരം. ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും മരങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴും ദേവകിയമ്മയുടെ ദിനചര്യ.
കേന്ദ്ര സർക്കാരിന്റെ നാരീശക്തി, ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര, വനമിത്ര തുടങ്ങിയ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. രാഷ്‌ട്രപതി, പ്രധാനമന്ത്രി , ഉപരാഷ്ട്രപതി എന്നിവരും ആദരിച്ചു. 71ാ മത് റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേവകിയമ്മയെ പ്രത്യേകം പരാമർശിച്ചിരുന്നു. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പാഠപുസ്തകമാണ് ദേവകിയമ്മയുടെ ജീവിതവും വനവും.
ഒന്നിൽ തുടങ്ങി,
ഒടുവിൽ വനമായി
1980കളിൽ അപകടത്തിൽ കാലിന് പരിക്കേറ്റതുകാരണം കൃഷിപ്പണിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നപ്പോൾ, വീട്ടുമുറ്റത്ത് ഒരു വൃക്ഷത്തൈ നട്ടുകൊണ്ടായിരുന്നു തുടക്കം. ഭർത്താവിന്റെ പിന്തുണയോടെ ക്രമേണ വീടിന് ചുറ്റും പച്ചപ്പാക്കി. യാചകി മരം, അംബർല ട്രീ, ഓട്ടോഗ്രാഫ് ചെടി, ചന്ദനം തുടങ്ങിയ വൃക്ഷലതാദികളും ഔഷധ സസ്യങ്ങളും നാട്ടുമരങ്ങളും സമൃദ്ധം.
മയിൽ, മൂങ്ങ, മരതക പ്രാവ്, നാകമോഹൻ, ബ്ലാക്ക് വിംഗഡ് സ്റ്റിൽറ്റ് തുടങ്ങിയ പക്ഷികളും കുരങ്ങുകളും നിരവധി കുളങ്ങളും ചേർന്നതാണ് വനം. പഴങ്ങളും പച്ചക്കറികളും പൂക്കളും നൽകുന്ന 200 ഇനം സസ്യങ്ങളും ഉണ്ട്. ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്.
പരേതനായ റിട്ട.ഹെഡ് മാസ്റ്റർ എം.കെ.ഗോപാലകൃഷ്ണപിള്ളയാണ് ഭർത്താവ്. മക്കൾ : തങ്കമണി, ഇന്ദിരാകുമാരി,ഉഷാകുമാരി,പത്മകുമാർ, നന്ദകുമാർ. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ എൻവയോൺമെന്റൽ എൻജിനിയറിംഗ് വിഭാഗം മുൻ മേധാവി മകൾ പ്രൊഫ.തങ്കമണി മുഴുവൻ സമയവും സഹായത്തിനുണ്ട്. നന്ദകുമാർ, ഭാര്യ ശോഭ, മക്കളായ ശരണ്യ,സൂര്യ എന്നിവർക്കൊപ്പമാണ് താമസം.
``കിട്ടുന്നതെല്ലാം മണ്ണിൽ നട്ടുവളർത്തിയാണ് തപോവനമൊരുക്കിയത്. ശുദ്ധവായു ലഭിക്കാനുള്ള കാര്യങ്ങൾ സ്വയം നോക്കണമെന്നാണ് സമൂഹത്തോട് പറയാനുള്ളത്``
- കൊല്ലകൽ ദേവകിയമ്മ