നവജാതശിശുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; കേസെടുത്ത് പൊലീസ്
വണ്ടൂർ: നവജാതശിശുവിനെ മാതാവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ചേരി പുല്ലാര പുലത്ത് മുഹമ്മദിന്റെ മകൻ എട്ടുമാസം പ്രായമുള്ള അഹമ്മദ് അൽയസഫിനെയാണ് മരിച്ചനിലയിൽ ശനിയാഴ്ച ഉച്ചയോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മരണത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് കുഞ്ഞ് മാതാവായ സബീക്കയ്‌ക്കൊപ്പം വണ്ടൂരിലെ വീട്ടിലെത്തിയത്.
സംഭവത്തിൽ അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്തതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശ്വാസംമുട്ടിയതാണ് മരണകരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങൾ: മുഹമ്മദ് ബിൻ മുഹമ്മദ്, അബ്ദുൽഖാദർ ജീലാനി, അഹമ്മദ് അൽമാഹി.