'എനിക്ക് മടുത്തെടീ'; അങ്കമാലിയിലെ 21കാരിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ പരാതി

Monday 26 January 2026 11:21 AM IST

കൊച്ചി: എറണാകുളം അങ്കമാലിയിൽ 21കാരിയുടെ ആത്മഹത്യയയ്ക്ക് പിന്നിൽ ആൺസുഹൃത്തിന്റെ മാനസിക പീഡനമെന്ന് ആരോപിച്ച് കുടുംബം. ജിനിയ ജോസാണ് മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽയിട്ടുണ്ട്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ യുവാവിനെതിരെ തെളിവുകൾ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ജിനിയ കൂട്ടുക്കാരിക്ക് ഇൻസ്റ്റഗ്രാമിൽ അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അടുത്ത കൂട്ടുകാരോട് ഫോണിൽ സംസാരിക്കുന്നതിന്റെ പേരിൽ പോലും ആൺസുഹൃത്തിൽ നിന്ന് ശകാരമേൽക്കേണ്ടി വന്നിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ജിനിയയുടെ സന്ദേശം.

'ഒരു കോൾ പോലും ബിസിയാകാൻ പാടില്ല. ബിസി ആയാൽ ഞാൻ കാമുകനെ വിളിക്കുകയാണെന്ന് പറയും. എനിക്ക് മടുത്തെടീ. ഇവൻ വന്നശേഷം എന്റെ ലെെഫിൽ ഒറ്റ ഫ്രണ്ട്സ് ഇല്ല. ഗേൾസ് പോലുമില്ല'- എന്നാണ് ജിനിയ സന്ദേശത്തിൽ പറയുന്നത്. അങ്കമാലിയിലെ സ്വകാര്യ ലാബിലെ ടെക്‌നീഷ്യനായിരുന്നു ജിനിയ ജോസ്. ഈ മാസം ഏഴാം തീയതിയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. ചാലക്കുടി സ്വദേശിയായ ആൺസുഹൃത്തിൽ നിന്ന് മാനസിക പീഡനത്തിന് പുറമേ ജിനിയയ്ക്ക് ശാരീരിക ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

ജോലി ചെയ്യുന്ന ലാബിൽ ചെന്ന് ആൺസുഹൃത്ത് യുവതിയെ മർദിച്ച കാര്യംപോലും കുടുംബം അറിയുന്നത് ജിനിയയുടെ മരണശേഷമാണ്. രാവിലെ സന്തോഷത്തോടെയാണ് മകൾ വീട്ടിൽ നിന്നും ജോലിക്ക് പോയതെന്നും വല്ലവരുടേയും മർദ്ദനം വാങ്ങി തന്റെ കുഞ്ഞിന് മരിക്കേണ്ടി വന്നുവെന്നും ജിനിയയുടെ അമ്മ പറയുന്നു.