രക്തസാക്ഷി ഫണ്ട് വിവാദം; വി കുഞ്ഞികൃഷ്ണന്റെ വീടിനുമുന്നിൽ പടക്കം പൊട്ടിച്ച് സിപിഎം പ്രകടനം
കൊച്ചി: പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച സിപിഎം ജില്ലാകമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വീടിനുമുന്നിൽ സിപിഎം പ്രകടനം. മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും പ്രകടനം നടത്തി. ഈ സമയം കുഞ്ഞികൃഷ്ണൻ വീട്ടിലില്ലായിരുന്നു.
പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകളാണ് വിവാദത്തിന് തുടക്കമിട്ടത്. പാർട്ടി നേതൃത്വത്തിന് പലതവണ തെളിവുകളുൾപ്പെടെ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പരസ്യമായി പ്രതികരിക്കാൻ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കൂടാതെ ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. പയ്യന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയായിരിക്കെ നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നതെന്നും 2011ലെ തിരഞ്ഞെടുപ്പ് കണക്കിലും ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ തെളിവ് സഹിതം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി എടുക്കാതെ പാർട്ടി തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്നും ഒരു അഭിമുഖത്തിൽ കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു.കുഞ്ഞികൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ സിപിഎം അനുഭാവികൾ കടുത്ത ആക്രമണം തുടരുകയാണ്.
അതേസമയം, കുഞ്ഞികൃഷ്ണന് പാർട്ടിയിൽ നിന്നുതന്നെ സഹായം ലഭിക്കുന്നുണ്ടോയെന്ന കാര്യം സിപിഎം പരിശോധിക്കും. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ പഴയ ആരോപണം ഉയർന്നുവന്നത് സംശയകരമാണെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്ന അഭിപ്രായം.