ബംഗ്ലാദേശിന് പിന്നാലെ പാകിസ്ഥാനും,​ ട്വന്റി20 ലോകകപ്പ് ബഹിഷ്കരിക്കാൻ നീക്കം

Monday 26 January 2026 6:23 PM IST

ന്യൂഡൽഹി: അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പാകിസ്ഥാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യക്കെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ബഹിഷ്കരിക്കുകയോ ടൂർണമെന്റിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുകയോ ചെയ്യാനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നീക്കം.. പി.സി.ബി മേധാവി മുഹ്സിൻ നഖ്‌വിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ വിഷയം ചർച്ച ചെയ്യും.

ടൂർണമെന്റിൽ പങ്കെടുക്കുമോ ഇല്ലയോ എന്നതിൽ സർക്കാർ തീരുമാനം എടുക്കുമെന്നും വിദേശത്തുള്ള പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് മടങ്ങിയെത്തുമ്പോൾ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം തേടുമെന്നും നഖ്‌വി അറിയിച്ചു. അതേസമയം ടൂർണമെന്റിൽ നിന്ന് പാകിസ്ഥാൻ പിൻമാറിയാൽ പാകിസ്ഥാൻ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഐസിസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സുരക്ഷാ കാരണങ്ങളാൽ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പ്രഖ്യാപിച്ച ബംഗ്ലാദേശിനെ ഐ.സി.സി ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് പാകിസ്ഥാനും ബഹിഷ്കരണ ഭീഷണി മുഴക്കുന്നത്.