മകരവിളക്ക് ദിവസം ശബരിമലയിൽ അതിക്രമിച്ചു കയറി സിനിമാ ഷൂട്ടിംഗ്; സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്

Tuesday 27 January 2026 11:40 AM IST

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമലയിൽ സിനിമാ ഷൂട്ടിംഗ് നടത്തിയെന്ന പരാതിയിൽ കേസെടുത്ത് വനംവകുപ്പ്. വനത്തിൽ അതിക്രമിച്ചു കയറിയതിനാണ് സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തത്. റാന്നി ഡിവിഷൻ മേഖലയിലെ പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. എന്നാൽ, സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി തേടിയിട്ട് ലഭിക്കാത്തതിനാൽ പമ്പയിലാണ് ചിത്രീകരണം നടത്തിയതെന്നാണ് സംവിധായകന്റെ വാദം.

'സന്നിധാനത്ത് മാദ്ധ്യമപ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. പിന്നീട് എഡിജിപി എസ് ശ്രീജിത്തിനെ സന്നിധാനത്ത് വച്ചു കണ്ടു. അദ്ദേഹമാണ് പമ്പയിൽ ഷൂട്ട് ചെയ്യാൻ പറഞ്ഞത്. അന്വേഷണം നടക്കട്ടെ' അനുരാജ് മനോഹർ പ്രതികരിച്ചു.

മകരവിളക്കിന് മുൻപായി സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തുന്നതിന് അനുമതി തേടി ദേവസ്വം പ്രസിഡന്റ് കെ ജയകുമാറിനെ അനുരാജ് മനോഹർ സമീപിച്ചിരുന്നു. എന്നാൽ സിനിമാ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അനുമതി നിഷേധിച്ചു. മകരവിളക്ക് ദിവസം ചിത്രീകരണം നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അംഗീകൃത മാദ്ധ്യമപ്രവർത്തകർക്ക് മാത്രമേ ആ ഭാഗത്തേക്ക്‌ പ്രവേശനം നൽകാൻ സാധിക്കുവെന്ന് ചൂണ്ടിക്കാട്ടി പൊലീസും അനുമതി നിഷേധിച്ചു. ഇതെല്ലാം മറികടന്ന് സിനിമാ ചിത്രീകരണം നടത്തിയെന്നാണ് കേസ്. സംഭവം ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ ദേവസ്വം വിജിലൻസിന് ദേവസ്വം പ്രസിഡന്റ് നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് സംവിധായകനെതിരെ വനംവകുപ്പ് കേസെടുത്തത്.