രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

Tuesday 27 January 2026 12:40 PM IST

എറണാകുളം: സ്‌കൂൾ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്‌താമുകളിലാണ് സംഭവം. വീടിന് സമീപത്തുള്ള ഉപയോഗശൂന്യമായ പാറമടയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കിണറ്റിങ്കൽ മഹേഷിന്റെ മകൾ ആദിത്യയാണ് മരിച്ചത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു ആദിത്യ. ചോറ്റാനിക്കര വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനിയാണ്.

പെൺകുട്ടിയുടെ ബന്ധുവായ ഓട്ടോഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ പാറമടയ്‌ക്കരികിലൂടെ പോകുമ്പോൾ സ്‌കൂൾ ബാഗ് ഉപേക്ഷിച്ച നിലയിൽ കിടക്കുന്നതു കണ്ടു. സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടെ മൃതദേഹം പാറമടയിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടത്. പിന്നാലെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്‌റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകു. കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.