മരട് ഫ്ലാറ്റ് നിർമാണ ഉടമ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ, അറസ്റ്റ് രേഖപ്പെടുത്തിയേക്കും

Tuesday 15 October 2019 4:32 PM IST

കൊച്ചി: എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിച്ച കേസിൽ ഫ്ലാറ്റ് നിർമ്മാണ കമ്പനി ഉടമ ഉൾപ്പെടെ മൂന്ന് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. മരട് മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ്,​ മുൻ ജൂനിയർസൂപ്രണ്ട് പി.ഇ ജോസഫ്,​ ഹോളിഫെയ്‌ത്ത് നിർമാണ കമ്പനി ഉടമ സാനി ഫ്രാൻസിസ് എന്നിവരെയാണ് അഴിമതി നിരോധന നിയമപ്രകാരം കസ്റ്റഡിയിലെടുത്തത്.

ഗൂഢലോചന,​ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ സർക്കാരിന്റെ അനുമതി ആവശ്യമാണെന്നതിനാൽ,​ ക്രൈംബ്രാഞ്ച് അത് തേടിയിരുന്നു. ഈ പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കാൻ അനുമതി നൽകിയതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലുണ്ട്.

തീരദേശപരിപാലന നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്ത്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനാണ് മേയ് 8ന് കോടതി ഉത്തരവിട്ടത്. ഒരുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും അനധികൃത നിർമ്മാണങ്ങൾ കാരണം ഇനിയും കേരളത്തിന് പ്രളയം താങ്ങാനാവില്ലെന്നും ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.

ബദൽ സംവിധാമൊരുക്കാനായി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം ഫ്ലാറ്റുടമകൾ അവധിക്കാല ബെഞ്ചിനെ സമീപിച്ചത്.കെട്ടിടങ്ങൾ നിർമ്മിച്ചത് തീരദേശ പരിപാലന ചട്ടം ലംഘിച്ചാണെന്ന് കണ്ടെത്തിയായിരുന്നു സുപ്രീംകോടതി വിധി. 2006ൽ മരട് പഞ്ചായത്തായിരിക്കെ സി.ആർ സോൺ 3 ൽ ഉൾപ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവിൽ അപ്പാർട്ട്മെന്റുകളുള്ള സ്ഥലം സി.ആർ സോൺ രണ്ടിലാണെന്നും ഇവിടത്തെ നിർമ്മാണങ്ങൾക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമുള്ള കെട്ടിട ഉടമകളുടെ വാദം കോടതി തള്ളുകയായിരുന്നു.