സ്വർണക്കൊള്ള കേസിൽ കുറ്റപത്രം നൽകാത്തതെന്ത്? എസ്‌ഐടിക്ക് നേരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തുപോകുന്നതിൽ എസ്‌ഐടിയെ വിമർശിച്ച് ഹൈക്കോടതി. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയായ ദേവസ്വം മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു സ്വാഭാവിക ജാമ്യം നേടി പുറത്തെത്തിയിരുന്നു. ഇരുകേസിലും പ്രധാനപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചിരുന്നു. ഫെബ്രുവരി രണ്ടിന് കട്ടിളപ്പാളി കേസിലും പോറ്റിയെ അറസ്റ്റ് ചെയ്‌തിട്ട് 90 ദിവസം പൂർത്തിയാകും. ഈ സാഹചര്യത്തിലാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തെ വിമർശിച്ചത്.
ഇരുകേസിലും പ്രതിയായ സ്‌മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി തന്നെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് ബദറുദ്ദീന്റെ സിംഗിൾ ബെഞ്ച് ഈ ഹർജി പരിഗണിക്കവെയാണ് എസ്‌ഐടിയെ വിമർശിച്ചത്. കേസിൽ പ്രതിയാകും മുൻപ് തന്നെ ആറ് തവണ താൻ മൊഴിനൽകിയെന്നും അന്വേഷണവുമായി താൻ സഹകരിച്ചെന്നും അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമല്ലെന്നും കാട്ടിയാണ് പങ്കജ് ഭണ്ഡാരി ഹർജി നൽകിയത്. എന്നാൽ അറസ്റ്റ് അനിവാര്യമാണെന്നും പക്ഷെ അറസ്റ്റിലായ പ്രതികൾക്ക് സുപ്രീം കോടതിയുടെ വിധിപ്രകാരമുള്ള സ്വാഭാവികമായി ലഭിക്കേണ്ട അവകാശങ്ങളെല്ലാം നടപ്പിലാക്കണമെന്നും കോടതി വ്യക്തമാക്കി.
കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തുപോകുമ്പോൾ അത് തടയാൻ അന്വേഷണ സംഘത്തിന്റെ ഇടപെടൽ വേണ്ടതല്ലേ എന്ന് കോടതി ചോദിച്ചു. എന്നാൽ കുറ്റപത്രം തയ്യാറാക്കുന്നതിന് ഏറെ കടമ്പകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ദേവസ്വം ബോർഡ് ഓഫീസുകളിൽ നിന്നടക്കം രേഖകൾ പിടിച്ചെടുത്തു, ഇനി കുറ്റം തെളിയിക്കുന്ന ശാസ്‌ത്രീയ തെളിവുകൾ ലഭിക്കണം. പ്രതികൾ പുറത്തിറങ്ങിയാലും ഇവർക്ക് തക്കതായ ശിക്ഷ വാങ്ങി നൽകുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നു.