വിപണിയിൽ തരംഗമായി പനങ്കുരു; കുലയ്ക്ക് 1500 രൂപ വരെ

Tuesday 27 January 2026 4:31 PM IST

കോലഞ്ചേരി: പനയേക്കാൾ ഉയരത്തിൽ പനങ്കുരു വിപണി. ആർക്കും വേണ്ടാതെ പനച്ചുവട്ടിൽ ഉപേക്ഷിച്ചിരുന്ന പനങ്കുലയ്ക്ക് വിപണിയിൽ 1000 മുതൽ 1500 രൂപ വരെ വില ലഭിക്കുമെന്നത് കൗതുകമാകുന്നു. ആവശ്യക്കാർ വീട്ടിലെത്തി പനച്ചുവട്ടിൽ നിന്ന് ശേഖരിക്കുകയോ പനയിൽ കയറി പറിച്ചെടുക്കുകയോ ചെയ്യും. തൊണ്ട് കളഞ്ഞ് ഉണക്കി നൽകിയാൽ കിലോയ്ക്ക് 50 രൂപയും പച്ചയാണെങ്കിൽ 10 മുതൽ 16 രൂപ വരെയും ലഭിക്കും. ഒരു പനങ്കുലയിൽ നിന്ന് 70 കിലോ വരെ കുരു ലഭിക്കുമെന്നാണ് കണക്ക്. ആനകൾക്ക് നൽകുന്ന പനമ്പട്ടകൾക്കായിരുന്നു നാട്ടിൽ നേരത്തെ ആവശ്യക്കാരുണ്ടായിരുന്നത്. പിന്നീട് കന്നുകാലി തൊഴുത്തുകളിൽ തറയിൽ വിരിക്കാൻ പന മുറിച്ചുണ്ടാക്കുന്ന പാത്തി ഉപയോഗിച്ചിരുന്നു. എന്നാൽ ഇവയൊന്നും കാര്യമായ വരുമാനം നൽകുന്നവയായിരുന്നില്ല. ആർക്കും വേണ്ടാതെ ഉപേക്ഷിച്ചിരുന്ന പനങ്കുരു ഇന്ന് മികച്ച വരുമാനമാർഗമായതോടെ ഭാവിയിൽ പന ഒരു കൃഷിയായി മാറിയേക്കാം.

കിലോയ്ക്ക് 50 രൂപ

ഒരു പനങ്കുല 70 കിലോ വരെ

പെയിന്റ് നിർമ്മാണത്തിനും ഉപയോഗിക്കുന്നു

അടയ്ക്കയുടെ വില ഉയർന്നതോടെ ബദലായി പനങ്കുരു ഉപയോഗിച്ചു തുടങ്ങിയതാണ് വിപണിയിൽ ഇതിന് പ്രിയമേറാൻ കാരണമെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. ഗുജറാത്തിലെ നാഗ്പൂരിലേക്കാണ് ഇവ പ്രധാനമായും കയറ്റി അയക്കുന്നത്. പാൻ മസാലകൾക്കും ലഹരി വസ്തുക്കൾക്കും പുറമെ പെയിന്റ് നിർമ്മാണത്തിനും പനങ്കുരു ഉപയോഗിക്കുന്നുണ്ട്.

പനങ്കുരു ശേഖരണം

വയനാട് ജില്ലയിലെ തരുവണ അങ്ങാടി കേന്ദ്രീകരിച്ചാണ് നിലവിൽ പനങ്കുരു ശേഖരണം നടക്കുന്നത്. ഇവിടെ പച്ചയായും തൊണ്ട് കളഞ്ഞ് ഉണക്കിയും കുരു എടുക്കുന്നു. വയനാട് മേഖലയിൽ ലഭ്യത കുറഞ്ഞതോടെ സമീപ ജില്ലകളിൽ നിന്ന് ശേഖരിച്ച് ഉണക്കി വയനാട്ടിലെത്തിച്ചും വില്പന നടത്തുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളടങ്ങുന്ന സംഘം ചെറുവാഹനങ്ങളിൽ ഗ്രാമീണ മേഖലകളിൽ കറങ്ങി നടന്ന് പനങ്കുലകൾ ശേഖരിക്കുന്നു. പനച്ചുവട്ടിൽ കിടന്ന് ചീഞ്ഞുപോകാതെ കിട്ടുന്ന വിലയ്ക്ക് വിറ്റ് ഒഴിവാക്കുകയാണ് പലരും ചെയ്യുന്നത്.