പകൽ കണ്ണുതുറന്ന് സ്വപ്നം കാണുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക; ഇത് വെറുമൊരു പകൽക്കിനാവല്ല!

Tuesday 27 January 2026 4:34 PM IST

ജോലി ചെയ്തിരിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ പെട്ടെന്ന് ചുറ്റുപാടും മറന്ന് മറ്റൊരു ലോകത്തേക്ക് വഴുതിപ്പോകാറുണ്ടോ? സിനിമയിലെന്നപോലെ സ്വയം നായകനോ നായികയോ ആയി സങ്കൽപ്പിച്ചുകൊണ്ട് പുതിയ കഥകൾ മെനയാറുണ്ടോ? എങ്കിൽ നിങ്ങൾ ചെയ്യുന്നത് 'മാലഡാപ്റ്റീവ് ഡേ ഡ്രീമിംഗ്' എന്ന പ്രതിഭാസമാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടുപിടിത്തം. മനഃശാസ്ത്രജ്ഞയായ ഡോ. നിക്കോൾ ലെപെറയാണ് ഈ ശീലത്തിന് പിന്നിലെ നിഗൂഢതകൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഇവ കേവലം ഭാവനയല്ല, മറിച്ച് മനസ് സ്വയം നടത്തുന്ന പ്രതിരോധ തന്ത്രമാണെന്ന് ഡോക്ടർ പറയുന്നു.

ജീവിതത്തിലെ സമ്മർദ്ദങ്ങളും ഭയപ്പെടുത്തുന്ന സാഹചര്യങ്ങളും നേരിടാൻ കഴിയാതെ വരുമ്പോൾ തലച്ചോർ സ്വയം സൃഷ്ടിക്കുന്ന സമാന്തര ലോകമാണിത്. പഴയകാലത്ത് നമുക്ക് നേരിടേണ്ടി വന്ന അപമാനങ്ങൾക്കോ മോശം അനുഭവങ്ങൾക്കോ ഭാവനയിൽ 'പെർഫെക്ട് മറുപടി' നൽകി വിജയിക്കുന്നതായി നമ്മൾ സങ്കൽപ്പിക്കുന്നു. ഇത് മനസിന് ഒരുതരം ആശ്വാസമാണ് നൽകുന്നത്.

കുട്ടിക്കാലത്തെ മോശം സാഹചര്യങ്ങൾ അനുഭവിച്ചവരിൽ ഈ ശീലം കൂടുതലായി കാണപ്പെടുന്നു. സിനിമാ കുടുംബത്തിന്റെ ഭാഗമായോ സെലിബ്രിറ്റികളുടെ മക്കളായോ സ്വയം സങ്കൽപ്പിക്കുന്നത് അമിതമായ മാനസിക സംഘർഷത്തിൽ നിന്നുള്ള മോചനമായിട്ടാണ് പലരും കാണുന്നത്.

എല്ലാവരും ഒരു പരിധിവരെ പകൽക്കിനാവ് കാണാറുണ്ട്. സങ്കടകരമായ ഓർമ്മകളെ ക്രമീകരിക്കാനും വികാരങ്ങൾ നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്ന് ഡോ. നിക്കോൾ പറയുന്നു. എന്നാൽ, ഈ പ്രതിഭാസത്തിലൂടെ സ്വപ്നലോകത്ത് കുടുങ്ങിപ്പോകുകയും യഥാർത്ഥ ജീവിതത്തിലെ ബന്ധങ്ങളെയും ജോലിയെയും ഇത് ബാധിക്കുകയും ചെയ്യുമ്പോൾ അവ ഗൗരവകരമായി മാറുകയാണ് ചെയ്യുന്നത്. യഥാർത്ഥ ലോകം താങ്ങാനാവാത്ത വിധം വേദനാജനകമാകുമ്പോൾ, നാഡീവ്യവസ്ഥ ഭാവനയുടെ ലോകത്ത് അഭയം തേടുന്നതിന്റെ അടയാളമാണിതെന്ന് ഡോക്ടർമാർ പറയുന്നു.

ഉത്കണ്ഠ, വിഷാദം തുടങ്ങിയവ അനുഭവിക്കുന്നവരിലാണ് ഏറ്റവും കൂടുതൽ ഈ ശീലം കാണപ്പെടുന്നത്. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുന്നുണ്ടെങ്കിൽ സൈക്കോതെറാപ്പിയിലൂടെ പരിഹരിക്കാ‌ൻ കഴിയും. അടുത്ത തവണ കണ്ണുതുറന്ന് സ്വപ്നം കാണുമ്പോൾ ഓർക്കുക, നിങ്ങളുടെ മനസ് നിങ്ങളോട് എന്തോ പറയാൻ ശ്രമിക്കുകയാണെന്ന്.