കൊന്ന ശേഷം ലെെംഗികാതിക്രമം സമാനതകളില്ലാത്തതെന്ന് പൊലീസ്

Tuesday 27 January 2026 8:45 PM IST

കോഴിക്കോട്: ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വെെശാഖൻ യുവതിയെ കൊന്നതിന് ശേഷം ലെെംഗികാതിക്രമം നടത്തിയത് സമാനതകളില്ലാത്ത സംഭവമാണെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. തന്നെ വിവാഹം ചെയ്യണമെന്ന് യുവതി നിർബന്ധം പിടിച്ചതോടെയാണ് കൊല്ലാൻ തീരുമാനിച്ചത്. മറ്റ് സ്ത്രീകളുമായും വെെശാഖന് ബന്ധമുണ്ടെന്ന് യുവതി അറിഞ്ഞിരുന്നതായും പൊലീസ് പറയുന്നു. ഇതോടെയാണ് വിവാഹം കഴിക്കണമെന്ന ആവശ്യത്തിൽ യുവതി ഉറച്ചുനിന്നത്. ആദ്യമൊക്കെ പലതും പറഞ്ഞ് ഒഴിഞ്ഞുമാറാൻ വെെശാഖൻ ശ്രമിച്ചു. ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ എല്ലാവരെയും വവിരമറിയിക്കുമെന്ന് യുവതി പറഞ്ഞതോടെ വെെശാഖന് പകയായി. ഇതോടെ കൊല്ലാൻ പദ്ധതിയിട്ടു. വെെശാഖന്റെ വർക് ഷോഷിൽ നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് യുവതിയെ അതിക്രൂരമായി വെെശാഖൻ മർദ്ദിച്ചെന്നും വ്യക്തമായി. ഇവർ തമ്മിൽ ശക്തമായ വാക്തർക്കവുമുണ്ടായിട്ടുണ്ട്. തൂങ്ങിമരിക്കാൻ ഒരുങ്ങുന്നതിന് മുമ്പും യുവതിയെ മർദ്ദിച്ചിരുന്നെന്നാണ് വിവരം. യുവതി രക്ഷപ്പെടാൻ ശ്രമിച്ചതിനെയും വെെശാഖൻ തടഞ്ഞു.

  • കുരുക്കൊരുക്കി കാത്തിരുന്നു

യുവതിയെത്തും മുമ്പെ വെെശാഖൻ രണ്ട് കുരുക്കുകളൊരുക്കി കാത്തിരുന്നു. ജ്യൂസിൽ ഉറക്കഗുളിക നേരത്തെ കലർത്തിവച്ചെന്നാണ് സൂചന. മരിക്കാൻ വിസമ്മതിച്ച യുവതിയെ വെെശാഖൻ നിർബന്ധിച്ചെന്നും പൊലീസ് സംശയിക്കുന്നു. യുവതിയോട് അത്രയ്ക്കും പകയുള്ളതുകൊണ്ടാണ് തൂങ്ങിനിൽക്കുമ്പോഴും മൃതദേഹത്തിലും ലെെംഗികാതിക്രമം നടത്തിയതെന്നും പൊലീസ് പറഞ്ഞു. രണ്ട് കുരുക്ക് കണ്ടത് പൊലീസിന് സംശയമുണർത്തി. തുടർന്നാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്.