പരോൾ ചട്ടം ലംഘിച്ച് സി.പി.എം കൗൺസിലർ പാർട്ടി പരിപാടിയിൽ

Wednesday 28 January 2026 12:31 AM IST

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം കൗൺസിലർ വി.കെ. നിഷാദ് പരോൾ ചട്ടം ലംഘിച്ച് പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയിലും പങ്കെടുക്കാൻ പാടില്ലെന്ന പരോൾ ചട്ടം ലംഘിച്ചാണ് തിങ്കളാഴ്ച വി.കുഞ്ഞികൃഷ്ണനെതിരായ സി.പി.എം പ്രതിഷേധത്തിൽ നിഷാദ് പങ്കെടുത്തത്. പരോൾ കാലാവധി കഴിയുന്ന ദിവസമായിരുന്നു ഇത്. പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തുകയും ചെയ്തു.

അച്ഛന് അസുഖമാണെന്ന് കാട്ടിയാണ് നിഷാദ് പരോളിലിറങ്ങിയത്. ജയിലിലടയ്ക്കപ്പെട്ട് ഒരു മാസത്തിനിടെ കഴിഞ്ഞ ഡിസംബർ 26ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിഷാദിന് ആറ് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.പിന്നീട് ജയിൽ ഡി.ജി.പി പരോൾ നീട്ടി നൽകി. ഇതിന്റെ കാലാവധി കഴിഞ്ഞപ്പോൾ സർക്കാർ ഇടപെട്ട് മൂന്നാമതും പരോൾ നീട്ടി നൽകിയിരുന്നു. ഇതിനിടയിലാണ് സി.പി.എം പരിപാടിയിൽ പങ്കെടുത്തത്.

അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 2012 ആഗസ്റ്റ് ഒന്നിന് പയ്യന്നൂർ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ കേസിലാണ് വി.കെ.നിഷാദ്, ടി.സി.വി. നന്ദകുമാർ എന്നിവർക്കെതിരെ തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതി ഇരുപത് വർഷം തടവും രണ്ടരലക്ഷം വീതം പിഴയും വിധിച്ചത്. ഇതിന് പിന്നാലെ പയ്യന്നൂർ നഗരസഭയിലെ 46ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കൂടിയായ നിഷാദ് തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.