ടെസി തോമസിന് കേരള ശാസ്ത്ര പുരസ്കാരം

Wednesday 28 January 2026 12:00 AM IST

തിരുവനന്തപുരം: 2024ലെ കേരള ശാസ്ത്ര പുരസ്‌കാരം ഡി.ആർ.ഡി.ഒ മുൻ ഡയറക്ടർ ജനറലും ഇന്ത്യയുടെ മിസൈൽ വനിതയുമായ ഡോ. ടെസി തോമസിന്. പ്രതിരോധ ഗവേഷണ വികസന മേഖലയിലെ സംഭാവനകൾക്കാണ് ശാസ്ത്ര സാങ്കേതിക വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായി അവാർഡ് നൽകിയത്. ഫെബ്രുവരി ഒന്നിന് എറണാകുളം സെറ്റ് ആൽബർട്ട്സ് കോളേജിൽ സംഘടിപ്പിക്കുന്ന കേരള സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരം നൽകും. 2 ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. 1963 ഏപ്രിൽ 27ന് ആലപ്പുഴയിൽ ജനിച്ച ടെസി തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നിന്ന് ബിടെക് ബിരുദവും പൂനെ ഡിഫൻസ് ഇൻസ്റ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ടെക്‌നോളജിയിൽ നിന്ന് എം.ടെക്കും നേടി. അഗ്നി ഭൂഖണ്ഡാന്തര മിസൈലിന്റെ മുഖ്യശില്പിയും പ്രോജക്ട് മേധാവിയുമാണ്.