വ്യാജവാർത്ത തെളിയിച്ചാൽ കമ്പനി ഇനാം: സാബു ജേക്കബ്
കിഴക്കമ്പലം :കിറ്റെക്സ് ഗാർമെന്റ്സിനെതിരായ വ്യാജവാർത്ത തെളിയിക്കുന്നവർക്ക് കമ്പനി ഇനാമായി പ്രഖ്യാപിച്ച് എം.ഡി സാബു എം. ജേക്കബ്. ഒരു ചാനലിൽ ഇ.ഡിയുമായി ബന്ധപ്പെട്ട് വന്ന വാർത്തയെ തുടർന്നാണ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം. വാർത്ത സംപ്രേഷണം ചെയ്ത ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കും. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ പതിനായിരത്തിൽപ്പരം ആളുകൾ ജോലി ചെയ്യുന്ന കമ്പനിയെ തകർക്കാൻ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ പ്രസിഡന്റായ ട്വന്റി20 പാർട്ടി എൻ.ഡി.എയുടെ ഘടകകക്ഷിയായത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനെന്നാണ് വ്യാജവാർത്ത. രജിസ്ട്രാർ ഒഫ് കമ്പനീസിന്റെയും സെബിയുടെയും മേൽനോട്ടത്തിൽ കഴിഞ്ഞ 33 വർഷമായി കിഴക്കമ്പലത്ത് പ്രവർത്തിക്കുന്ന കിറ്റെക്‌സിന് ഇതുവരെ നിയമലംഘനത്തിന്റെ പേരിൽ പിഴയോ നിയമ നടപടികളോ നേരിടേണ്ടിവന്നിട്ടില്ല.