ബി.പി.സി.എല്ലിന് റെക്കാഡ് അറ്റാദായം

Wednesday 28 January 2026 12:04 AM IST

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസത്തിൽ 7,545 കോടി രൂപയുടെ അറ്റാദായവുമായി ഭാരത് പെട്രോളിയം കോർപറേഷൻ(ബി.പി.സി.എൽ) ചരിത്രനേട്ടം കൈവരിച്ചു. മുൻവർഷം ഇതേകാലയളവിലെ 4,649 കോടി രൂപയെ അപേക്ഷിച്ച് 62 ശതമാനം വർദ്ധനയുണ്ട്. നിക്ഷേപകർക്ക് ഓഹരിയൊന്നിന് 10 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു. അവലോകന കാലയളവിൽ 1.36 ലക്ഷം കോടി രൂപയാണ് വരുമാനം. ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ വരുമാനം 3.87 ലക്ഷം കോടി രൂപയാണ്. ഇക്കാലയളവിലെ മൊത്തം അറ്റാദായം 20,111 കോടി രൂപയിലെത്തി. ഉത്പാദനം 95.4 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 119 ശതമാനം ഉയർന്ന് 105.1 ലക്ഷം ടണ്ണായി. ആഭ്യന്തര വിൽപ്പന 4.76 ശതമാനം ഉയർന്ന് 140.7 ലക്ഷം ടണ്ണിലെത്തി. പ്രവർത്തന മികവ്, വിപണന കാര്യക്ഷമത, വ്യാപാര വർദ്ധന എന്നിവയിലൂടെയാണ് മികച്ച പ്രകടനം കാഴ്ചവച്ചതെന്ന് ബി.പി.സി.എൽ വക്താവ് പറഞ്ഞു.