ഔദ്യോഗിക വാഹനമില്ല: റാന്നി തഹസീൽദാർക്ക് താലൂക്കിൽ നടപ്പുശിക്ഷ!

Wednesday 28 January 2026 12:05 AM IST

റാന്നി: താലൂക്കിന്റെ അമരക്കാരനായ തഹസീൽദാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് വാഹനമില്ലാതായതോടെ ഭരണപരമായ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ. പഴയ വാഹനം കാലാവധി കഴിയുകയും മറ്റൊരെണ്ണം കട്ടപ്പുറത്തുമായതോടെ മാസങ്ങളായി വാടക വാഹനത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ വാടക കുടിശ്ശികയായതോടെ വാടക വാഹനങ്ങളും ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, കാറ്റ്,​ മഴ,​ വേനൽക്കെടുതി തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ പതിവായ റാന്നിയിൽ അടിയന്തര സാഹചര്യങ്ങളിൽ സ്ഥലത്തെത്താൻ തഹസീൽദാർക്ക് നിലവിൽ മറ്റ് മാർഗങ്ങളില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ, എസ്.ഐ.ആർ,​ കൈയേറ്റം ഒഴിപ്പിക്കൽ, പട്ടയ നടപടികൾ, അതിർത്തി തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകൾ കൃത്യസമയത്ത് നടത്താനും ഇതുമൂലം സാധിക്കുന്നില്ല. എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റ് എന്ന നിലയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന ഇടങ്ങളിൽ തഹസീൽദാരുടെ സാന്നിദ്ധ്യം അനിവാര്യമാണ്. വാഹനം ഇല്ലാത്തത് ഇതിനും തടസമാകുന്നു. ശബരിമല ഉൾപ്പെടുന്ന പ്രദേശത്തെ താലൂക്ക് ഓഫീസുകൂടിയാണിത്. തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതലയും ഈ ഓഫീസിനാണ്.​ എന്നിട്ടും അവഗണന നീളുകയാണ്.

പഴയ വാഹനം കട്ടപ്പുറത്ത്,​ പുതിയത് ഫയലിൽ

 പഴയ വാഹനം പണി തീർക്കാൻ കഴിയാത്ത വിധം കേടായി

 മറ്റൊരെണ്ണം കാലാവധി കഴിഞ്ഞ് ഷെഡിൽ

 പുതിയ വാഹനത്തിന് അപേക്ഷ നൽകിയിട്ട് നാളുകൾ

 ജില്ലയിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നായിട്ടും അവഗണന

 താലൂക്ക് ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങളും പരാതി പരിഹാരവും മുടങ്ങി

 ഭരണപരമായ ​പ്രവർത്തനങ്ങളെയും ബാധിച്ചു

ഭരണപരമായ പ്രവർത്തനങ്ങളെ ബാധിച്ചിട്ടും തഹസീൽദാർക്ക് പുതിയ വാഹനം അനുവദിക്കാത്തത് നാണക്കേടാണ്.

നാട്ടുകാർ