നഗരനയം പ്രഖ്യാപനം ഉടൻ: മന്ത്രി രാജേഷ്
തിരുവനന്തപുരം: അതിവേഗം നഗരവത്കരിക്കപ്പെടുന്ന കേരളത്തിൽ, നഗരവത്കരണ സ്വഭാവവും പ്രശ്നങ്ങളും ഉൾക്കൊണ്ട് നാടിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന സമഗ്ര നഗരനയം പ്രഖ്യാപിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നയം നടപ്പിലാക്കുന്നത്. ഇതിനായി 13 അംഗ സമിതി റിപ്പോർട്ട് തയ്യാറാക്കി. ബെൽഫാസ്റ്റിലെ ക്വീൻസ് സർവകാലശാലയിലെ പ്രൊഫസറായ എം.സതീഷ് കുമാറാണ് ചെയർമാൻ.
പാർപ്പിട സൗകര്യമൊരുക്കാൻ ലൈഫ് ഭവന പദ്ധതിയിൽ ആറുലക്ഷം പേരുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. ഫെബ്രുവരിയോടെ അഞ്ചുലക്ഷം പേർക്ക് ഭവന സൗകര്യം ഉറപ്പാക്കും. ജൽജീവൻ മിഷന്റെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പിടാനായി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വെട്ടിക്കുഴിച്ച റോഡുകൾ പുനർനിർമ്മിക്കുന്നതിന് 1,200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകൾ അടിയന്തരമായി തദ്ദേശ സ്ഥാപന ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മിക്കാനും പിന്നീട് ഈ തുക സർക്കാരിന് തിരികെ നൽകുന്നതിനുമുള്ള പദ്ധതി ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.
അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കേന്ദ്രഫണ്ട് വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. അമൃത് ഒന്നാംഘട്ട പദ്ധതിയിൽ സംസ്ഥാന, നഗരസഭാ വിഹിതമായി 1,226.61 കോടി രൂപയാണ് ചെലവഴിക്കേണ്ടിയിരുന്നത്. എന്നാൽ രണ്ടാം ഘട്ടമായപ്പോൾ 2,063.31 കോടി രൂപ സംസ്ഥാനം ചെലവഴിക്കേണ്ടി വന്നത് കേന്ദ്ര വിഹിതത്തിലുണ്ടായ കുറവ് കാരണമാണെന്നും മന്ത്രി പറഞ്ഞു.
ലേബർ കോഡിനെതിരെ ഭരണഘടനാപരമായ നടപടി: മന്ത്രി
തിരുവനന്തപുരം: കേന്ദ്രം കൊണ്ടുവന്ന ലേബർ കോഡുകൾക്കെതിരെ ഭരണഘടന അനുശാസിക്കുന്ന എല്ലാ നടപടികളും സംസ്ഥാനം കൈക്കൊള്ളുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തൊഴിൽ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമായതിനാൽ സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി സദാനന്ദ ഗൗഡ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ട്രേഡ് യൂണിയനുകളുമായും നിയമവിദഗ്ദ്ധരുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നു പി. നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.