ഫെഡറലിസം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം
പത്തനംതിട്ട: ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറലിസം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് മന്ത്രി വീണാ ജോർജ്. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്നതാണ് ഫെഡറലിസത്തിന്റെ കാതൽ. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മൈതാനത്ത് നടന്ന 77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു മന്ത്രി. ഒരേ ലക്ഷ്യത്തിനായി തീവ്രമായി പ്രവർത്തിച്ചതിന്റെ ഫലമാണ് അതിദാരിദ്ര്യമുക്ത കേരളം. സൂക്ഷ്മ അടിസ്ഥാനത്തിൽ പ്രവർത്തനവും സർവേയും നടത്തി കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലടക്കം സംസ്ഥാനം മികച്ച നേട്ടം കൈവരിച്ചു. അമേരിക്കൻ ഐക്യനാടുകൾ പോലുള്ള വികസിത രാജ്യങ്ങളേക്കാൾ കുറവാണ് സംസ്ഥാനത്തെ ശിശുമരണ നിരക്ക്. കേരളത്തിന്റെ ശിശുമരണ നിരക്ക് 5 ആണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണിത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, പത്തനംതിട്ട നഗരസഭ അദ്ധ്യക്ഷ സിന്ധു അനിൽ, എ.ഡി.എം ബി.ജ്യോതി, ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖർ, ഗാന്ധിയൻമാർ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.