കാലം ആവശ്യപ്പെടുന്നത് പ്രതികരിക്കുന്ന കവികളെ: മുഖ്യമന്ത്രി
തിരുവനന്തപുരം: എഴുത്തുകാർക്ക് ആവിഷ്‌കാര സ്വാതന്ത്ര്യവും പുസ്തക നിരോധനങ്ങളും സിനിമകൾക്ക് തടസങ്ങളും ഏർപ്പെടുത്തുന്ന ഇന്ത്യയിൽ പ്രതികരിക്കുന്ന കവികളെയാണ് കാലം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദർബാർ ഹാളിൽ 2025ലെ എഴുത്തച്ഛൻ പുരസ്‌കാരം കെ.ജി. ശങ്കരപ്പിള്ളയ്ക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിന് അതീതമായി സാഹിത്യത്തിന്റെ ഗുണമേന്മയ്ക്കാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്. സാഹിത്യം വരേണ്യവർഗത്തിന്റെ കുത്തകയല്ലെന്നും അത് സാധാരണക്കാർക്കും സ്ത്രീകൾക്കും കൂടി അവകാശപ്പെട്ടതാണെന്നും സ്ഥാപിച്ച എഴുത്തച്ഛനാണ് ഭാഷയുടെ വിവിധ ശൈലികളെ സംയോജിപ്പിച്ച് മലയാളത്തിന് പുതിയ മുഖം നൽകിയത്. എഴുത്തച്ഛൻ തന്റെ കൃതികളിൽ പുലർത്തിയിരുന്ന ഭാവനാസ്വാതന്ത്ര്യം ഇന്നത്തെ കാലത്ത് വെല്ലുവിളിക്കപ്പെടുകയാണ്.
ആറ് പതിറ്റാണ്ടിലേറെയായി മലയാള കവിതയിലും ചിന്താലോകത്തും സജീവമായിരുന്ന ശങ്കരപ്പിള്ളയ്ക്ക് മനുഷ്യത്വത്തിന്റെ സമത്വ ദർശനമാണ് പങ്കിടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നീതിയുടെ ഉൾക്കാഴ്ചയാണ് കവിതയുടെ ദീർഘായുസിന് അടിസ്ഥാനമെന്ന് മറുപടി പ്രസംഗത്തിൽ കെ.ജി ശങ്കരപ്പിള്ള പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. കേരള സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി അബൂബക്കർ പ്രശസ്തിപത്രം വായിച്ചു. മേയർ വി.വി രാജേഷ്,സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ,ജോയിന്റ് സെക്രട്ടറി എം. രജനി എന്നിവർ സംസാരിച്ചു. അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശസ്ത്രിപത്രവുമടങ്ങുന്നതാണ് എഴുത്തച്ഛൻ പുരസ്‌കാരം.