നീലലോഹിതദാസിനെ വെറുതെവിട്ടത് ശരിവച്ചു
ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രി ഡോ.എ. നീലലോഹിതദാസിനെ വെറുതെവിട്ട ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി നടപടിക്കെതിരെ മുതിർന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥ സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളി. വനം വകുപ്പ് മന്ത്രിയായിരിക്കെ, 1999 ഫെബ്രുവരിയിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നും തിരിച്ചിറങ്ങുന്ന സമയത്ത് അതിക്രമം കാട്ടിയെന്നുമാണ് ഉദ്യോഗസ്ഥയുടെ ആരോപണം. സംഭവം നടന്നയുടൻ ഉദ്യോഗസ്ഥ പരാതി നൽകിയിരുന്നില്ല. 2002 ഫെബ്രുവരിയിൽ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ പരാതി നൽകിയതോടെയാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥയും രംഗത്തെത്തിയത്. കേസിൽ കോഴിക്കോട്ടെ വിചാരണക്കോടതി മുൻമന്ത്രിയെ ഒരുവർഷത്തേക്ക് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി കഴിഞ്ഞ സെപ്‌തംബറിൽ ആ വിധി റദ്ദാക്കി. ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നാണ് ഉദ്യോഗസ്ഥയുടെ വാദം. എന്നാൽ പരാതിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും, ഇടപെടേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി നിലപാടെടുത്തു.