സംസ്ഥാനത്തെ ആദ്യ ഫൈബർ ഗ്ലാസ് തൂക്കുവേലി കനോലി പാർക്കിൽ

Wednesday 28 January 2026 12:38 AM IST

നിലമ്പൂർ: സംസ്ഥാനത്തെ ആദ്യ ഫൈബർ ഗ്ലാസ് തൂക്കുവേലി നിലമ്പൂർ കനോലി ഇക്കോ ടൂറിസം പാർക്കിൽ യാഥാർത്ഥ്യമായി. ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കുമുള്ള വന്യമൃഗ ശല്യം തടയുന്നതിന് ഈ തൂക്കുവേലി കൊണ്ട് സാധിക്കും. സംസ്ഥാനത്ത് ആദ്യമായാണ് വന്യജീവി പ്രതിരോധത്തിന് ഇത്തരമൊരു നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. സോളാർ വൈദ്യുത വേലി രംഗത്ത് രണ്ട് പതിറ്റാണ്ടലേറെ പരിചയസമ്പത്തുള്ള നിലമ്പൂർ വടപുറം സ്വദേശി സാംസൺ വികസിപ്പിച്ചെടുത്ത ഈ സോളാർ വേലി നിലമ്പൂർ നോർത്ത് വനം ഡിവിഷനിലെ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിലെ 180 മീറ്റർ ഭാഗത്താണ് ആദ്യഘട്ടം എന്ന നിലയിൽ സ്ഥാപിച്ചത്. ജെ.സി.എ നിലമ്പൂർ ഗോൾഡൻ വാലി ഡാഫോഡിൽ പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. താരതമ്യേന ചെലവ് കുറഞ്ഞ സംവിധാനമാണിത്. സാംസന്റെ ഭാര്യ ജിനി സാംസൺ ഗോൾഡൻ വാലിയുടെ പ്രസിഡന്റ് ആയപ്പോഴാണ് മലയോര മേഖലയിൽ വന്യമൃഗ ശല്യം മൂലം പ്രതിസന്ധിയായ കർഷകർക്കും വനംവകുപ്പിനും ഏറെ ആശ്വാസമാകുന്ന രീതിയിൽ വളരെ കുറഞ്ഞ ചിലവിൽ നൂതന രീതിയിലുള്ള സോളാർ വൈദ്യുതവേലി എന്ന ആശയം പ്രോജക്ട് ആയി അവതരിപ്പിച്ച് ഇപ്പോൾ യാഥാർത്ഥ്യമാക്കിയിട്ടുള്ളത്.