സംരക്ഷണമില്ലാതെ രാജാ രവിവർമ്മ ചിത്രങ്ങൾ, നശിക്കുന്നത് കോടികൾ വിലയുള്ള സ്‌കെച്ചുകൾ
തിരുവനന്തപുരം: രാജാ രവിവർമ്മയുടെ കോടികൾ വിലമതിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ സംരക്ഷിക്കാൻ ആരംഭിച്ച മ്യൂസിയത്തെ ആർട്ട് കൺസർവേഷൻ ലാബ് പൂട്ടിയിട്ട് ഒന്നരവർഷം. കൺസർവേറ്റർമാരുടെ ശമ്പള വർദ്ധനയ്ക്ക് സർക്കാർ അംഗീകാരമില്ലാത്തതിനാലാണ് പൂട്ടിയതെന്ന് മ്യൂസിയം ഡയറക്ടറേറ്റ്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ചിത്രങ്ങൾ പുതുമ ചോരാതെ സംരക്ഷിക്കുകയായിരുന്നു ,2021ൽ പ്രവർത്തനം ആരംഭിച്ച കൺസർവേഷൻ ലാബിന്റെ ലക്ഷ്യം. രാജ്യത്തെ പ്രമുഖ സീനിയർ ആർട്ട് കൺസർവേറ്ററായ എസ്. ഗിരികുമാറിന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ജർമനിയിൽ നിന്ന് ഒന്നരക്കോടിയിലധികം രൂപ മുടക്കിയാണ് ചിത്രങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണങ്ങൾ എത്തിച്ചത്. സക്ഷൻ ടേബിൾ, ഫ്യൂം എക്സ്ട്രാക്ടർ, ഹൈ എൻഡ് ക്യാമറ എന്നിവക്ക് പുറമേ അനുബന്ധ ഉപകരണങ്ങളും ലാബിൽ സജ്ജമാക്കി. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നാല് ആർട്ട് കൺസർവേറ്റർമാരെ ലാബിലേക്ക് നിയോഗിച്ചു. ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്, രാജസ്ഥാനിലെ സിറ്റി പാലസ് മ്യൂസിയം എന്നിവിടങ്ങളിലാണ് സമാനമായ ലാബുകളുള്ളത്.
അടുത്തിടെ, ലണ്ടനിൽ നടന്ന ലേലത്തിൽ 13 കോടി രൂപയ്ക്കാണ് രാജാരവിവർമയുടെ ചിത്രം വിറ്റുപോയത്. കോടികളുടെ മൂല്യമുള്ള 56 ചിത്രങ്ങൾ മ്യൂസിയത്തിൽ ഇപ്പോഴുണ്ട്. ഇവയ്ക്കു പുറമേ രവിവർമയുടെ 96ലധികം സ്‌കെച്ചുകളും മറ്റ് കലാകാരൻമാരുടെ ചിത്രങ്ങളുമുണ്ട്. ലാബിൽ രണ്ടുവർഷത്തിലധികമുള്ള പ്രവർത്തനത്തിലൂടെ നൂറോളം ചിത്രങ്ങൾ സംരക്ഷിക്കാനായി.
കൺസർവേറ്റർമാരുടെ 40,000 രൂപ മുതലുള്ള ശമ്പളം ഒരുവർഷം കഴിഞ്ഞപ്പോൾ വർദ്ധിപ്പിച്ചു. വർദ്ധനവിന് ധനവകുപ്പിന്റെ അനുമതി വേണമെന്ന് മ്യൂസിയം ഡയറക്ടറേറ്റ് അഭിപ്രായപ്പെട്ടതോടെ ശമ്പളം മുടങ്ങി. മാസങ്ങൾ കുടിശികയായതോടെ കൺസർവേറ്റർമാർ പിരിഞ്ഞുപോയി. ലാബും പൂട്ടി. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗിക്കാതെ നശിക്കുന്നു.
ശമ്പള വർദ്ധനവ് നിയമം ലംഘിച്ചാണ് നടന്നത്. അത് പരിഹരിക്കുന്നതിനായി നിയമ, ധന വകുപ്പുകൾക്ക് ഫയൽ കൈമാറിയിട്ടുണ്ട്. പി.എസ് മഞ്ജുളാദേവി ഡയറക്ടർ, മ്യൂസിയം
രാജാ രവിവർമ്മയുടേതുൾപ്പെടെയുള്ള ചിത്രങ്ങളുടെ സംരക്ഷണം അന്താരാഷ്ട്രതലത്തിൽ പ്രാധാന്യമർഹിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർക്കാരാണ് മറ്റ് സംവിധാനങ്ങൾ ഒരുക്കേണ്ടത്. എസ്. ഗിരികുമാർ സീനിയർ ആർട്ട് കൺസർവേറ്റർ